റബ്ബർ മേഖലയ്ക്ക് പ്രത്യേക പരിഗണന
സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കൃഷി ചെയ്യപ്പെടുന്ന ശീതകാല പച്ചക്കറിയിനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വട്ടവട കാന്തല്ലൂർ പ്രദേശങ്ങളെ ശീതകാല പച്ചക്കറി വിളകളുടെ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. മറയൂർ ശർക്കര, കാന്തല്ലൂർ വെളുത്തുള്ളി എന്നിവയ്ക്ക് ഭൗമസൂചക പദവി നേടിയെടുക്കാൻ കഴിഞ്ഞതും ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ്. ഹോർട്ടികോർപ്പ് മുഖാന്തരം പച്ചക്കറികളുടെ സംഭരണം, സ്റ്റോറേജ് എന്നിവയും നല്ല രീതിയിൽ നടന്നുവരികയാണ്.
കേരകൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ്
കേരഗ്രാമം.
232 കേരഗ്രാമങ്ങൾ സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ചു. നാളികേരവികസന കൗൺസിലിന്റ ഭാഗമായി 36.9 ലക്ഷം തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്തു.
നാളികേര സംഭരണത്തിന് ഒരു തെങ്ങിന്റെ വാർഷിക ഉത്പാദനം 50 നാളികേരമെന്നത് 70 ആക്കി ഉയർത്തി. മാത്രമല്ല ഭൂമിയുടെ പരിധി 5 ഏക്കറിൽ നിന്ന് 15 ഏക്കർ ആയി വർദ്ധിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവർത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കിൽ ധനസഹായം നൽകിവരുന്നുണ്ട്. അതുകൂടാതെ ഉത്പാദനക്ഷമതാ വർദ്ധനവിനുവേണ്ടി വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നുണ്ട്. റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നൽകിവരുന്നുണ്ട്.
ഇതിനുപുറമെ റബ്ബർ ഉത്പാദന സംഘങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി സംസ്‌കരണശാലയുടെ പ്രവർത്തനങ്ങൾക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. റബ്ബർ മേഖലയിൽ സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1,050 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് കമ്പനി. ഇതിനായി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് ക്യാമ്പസിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 200 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന കമ്പനി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ റബ്ബർ മേഖലയ്ക്ക് ഉണർവ്വ് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
റബ്ബർ കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉണക്ക റബ്ബറിന്റെ ഇറക്കുമതി തീരുവ 70 ശതമാനത്തിലേക്ക് ഉയർത്തണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റബ്ബറിനെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയത് കേരള സർക്കാരാണ്.