‘കേരളാഗ്രോ’ എന്ന ഒറ്റ ബ്രാൻഡിൽ കേരളത്തിലെ 23 സർക്കാർ ഫാമുകളിലെ 193 ഉല്പന്നങ്ങളും ഇനി മുതൽ ആമസോൺ, ഫ്ളിപ്പ്കാർട്ട് പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ, നടീൽ വസ്തുക്കൾ, വിത്തുകൾ, അലങ്കാര സസ്യങ്ങൾ, ജൈവ വളങ്ങൾ എന്നിവയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കൃഷി വകുപ്പ് ലഭ്യമാക്കിയിരിക്കുകയാണ്.
2021 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെ 2,06,743 ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ ഇനത്തിൽ 1,108.47 കോടി രൂപ വിതരണം ചെയ്തു.കാർഷിക കടാശ്വാസ പദ്ധതിയുടെ ഒമ്പതാം ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ഇതുപ്രകാരം നാളിതുവരെ 720.53 കോടി രൂപയുടെ ആശ്വാസം കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിൻ പുതിയതായി രജിസ്റ്റർ ചെയ്യുവാൻ കർഷകർക്ക് മൂന്നു മാസം കൂടി അവസരം നൽകിയിട്ടുണ്ട്.