പാൽ ഉത്പാദനക്ഷമത, സങ്കരയിനം കന്നുകാലികളുടെ എണ്ണം എന്നിവയിൽ ഇന്ത്യയിൽ മികച്ച സ്ഥാനം നിലനിർത്താൻ നമ്മുടെ സംസ്ഥാനത്തിനായതായി മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോഴും ഉൽപ്പാദനക്ഷമതയിലുണ്ടായ വർദ്ധനവ് രേഖപ്പെടുത്തി.
പാൽ ഉല്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാർ നടത്തിയ ഇടപെടലുകൾ ക്ഷീരമേഖലയെ ശക്തിപ്പെടുത്തിയതോടൊപ്പം ക്ഷീരകർഷകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക കൂടി ചെയ്തിട്ടുണ്ട്.
കേരളീയരുടെ ഒഴിവാക്കാനാവാത്ത ഭക്ഷ്യ വിഭവമാണ് മത്സ്യം. രാജ്യത്ത് ഒരു ശരാശരി മനുഷ്യൻ കഴിക്കുന്നതിനെക്കാൾ മൂന്ന് ഇരട്ടിയാണ് മലയാളിയുടെ മത്സ്യ ഉപഭോഗം. ഉൾനാടൻ മത്സ്യകൃഷിയിൽ എയറേഷൻ, ജൈവസുരക്ഷ, പ്രോബയോട്ടിക്കുകളുടെ ഉപയോഗം എന്നിവ ഉറപ്പുവരുത്തി കൂടുതൽ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കാൻ കഴിഞ്ഞതിലൂടെ ഉല്പാദനക്ഷമത 0.5-3 മെട്രിക് ടൺ ആയിരുന്നത് 1.5-4 മെട്രിക് ടൺ ആയി ഉയർത്താൻ സാധിച്ചിട്ടുണ്ട്.
ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി 4,951 ഹെക്ടർ പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും കൃഷിയും, 4,319 ഹെക്ടർ കുളങ്ങളിൽ മറ്റു മത്സ്യ കൃഷി രീതികളും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ 2,083 കൂട് കൃഷി യൂണിറ്റുകളും, 240 റീ സർക്കുലേറ്ററി അക്വാകൾച്ചർ യൂണിറ്റുകളും, 3,475 പടുത കുളങ്ങളിലെ മത്സ്യകൃഷി യൂണിറ്റുകളും 1,610 കല്ലുമ്മക്കായ കൃഷി യൂണിറ്റുകളും സ്ഥാപിച്ച് മത്സ്യകൃഷി നടപ്പാക്കിവരികയാണ്. ഇത്തരത്തിൽ മത്സ്യകൃഷി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ കർഷകർക്ക് തീറ്റയ്ക്ക് 40 ശതമാനവും മത്സ്യവിത്തിന് 70-100 ശതമാനവും സർക്കാർ ഗ്രാന്റായി നൽകിവരുന്നുണ്ട്.
തദ്ദേശീയ മത്സ്യവിത്ത് കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 വർഷം മുതൽ പിന്നാമ്പുറ മത്സ്യവിത്തുൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് 9 കോടി രൂപ വകയിരുത്തിയിരുന്നു. നാടൻ മത്സ്യങ്ങളായ കരിമീൻ, വരാൽ, മഞ്ഞക്കൂരി, കല്ലേമുട്ടി, കാരി തുടങ്ങിയ മത്സ്യങ്ങളുടെ വിത്തുകളാണ് ഉൽപ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടത്. നാളിതുവരെ 522 യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. 40 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.