മുഖ്യമന്ത്രിയുടെ മുഖാമുഖത്തിൽ 2000 പ്രതിനിധികൾ പങ്കെടുത്തു

ആദ്യമായി ഒരു മുഖ്യമന്ത്രി റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളെ കേൾക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി രണ്ടായിരത്തോളം പ്രതിനിധികളാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ അഭിപ്രായ-നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.

നവകേരള കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് നവ കേരളത്തെ വാർത്തെടുക്കുന്നതിന് റസിഡൻ്റ്സ് അസോസിയേഷനുകളുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിന് രാവിലെ ഏഴ് മണിയോടെ ആളുകൾ മുഖാമുഖം വേദിയിലേക്ക് എത്തിത്തുടങ്ങി. എട്ട് മുതൽ രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി തങ്ങളുടെ മുഖ്യമന്ത്രിയെ മുഖാമുഖം കാണാൻ ആളുകൾ സദസ്സിൽ നിറഞ്ഞു.

മുഖാമുഖം പരിപാടിയുടെ ഭാഗമായി തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് മുമ്പാകെ തുറന്നു സംസാരിക്കാൻ നിരവധി പ്രതിനിധികളാണ് മുന്നോട്ട് വന്നത്. 58 പേർ മുഖ്യമന്ത്രിയോട് നേരിട്ട് ആശയങ്ങൾ പങ്കുവെച്ചു. നേരിട്ട് സംവദിക്കാൻ സാധിക്കാത്തവർക്ക് അഭിപ്രായങ്ങൾ എഴുതി നൽകുന്നതിനും അവസരം ഒരുക്കിയിരുന്നു. 356 പേരാണ് അഭിപ്രായങ്ങൾ എഴുതി നൽകിയത്. ചോദിച്ച ഓരോ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടിയും നൽകി. നവകേരളം സംബന്ധിച്ച് റസിഡൻ്റ്സ് അസോസിയേഷനുകളുടെ പ്രതീക്ഷകൾ, നിർദേശങ്ങൾ, നൂതന ആശയങ്ങൾ എല്ലാം പങ്കുവച്ച മുഖാമുഖം ഉച്ചയ്ക്ക് ഒന്നോടെ സമാപനമായി. തദ്ദേശ സ്വയം ഭരണ വകുപ്പാണ് പരിപാടി സംഘടിച്ചിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളോടെ മെഡിക്കൽ ടീമിന്റെ പ്രവർത്തനവും ഉണ്ടായിരുന്നു. മുഖാമുഖത്തിൽ എത്തിയവർക്ക് ഉച്ചഭക്ഷണവും ദാഹജലവും ഒരുക്കിയിരുന്നു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയുടെ നിസ്തുലമായ സേവനവുമുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിൽ മുഖാമുഖത്തിന് ശേഷം ഒരു മണിക്കൂറിൽ തന്നെ വേദിയിലെ ശുചീകരണ പ്രവർത്തനങ്ങൾ മുഴുവനും പൂർത്തിയാക്കി.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ നൂതനവും സർഗാത്മക ചുവടുവെപ്പുകൾക്ക് അക്ഷരാർത്ഥത്തിൽ വേദിയായി. ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെ സംസ്ഥാനത്തെ വിവിധ വേദികളിലായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ അവസാന സംഗമ വേദി കൂടിയായിരുന്നു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം.