സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് തുടർ ദിവസങ്ങളിൽ മുഴുവൻ ശമ്പളവും പെൻഷനും വിതരണം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പെൻഷണേഴിസിനുള്ള തുക ആദ്യദിനം തന്നെ മിക്കവർക്കും ലഭിച്ചിരുന്നു. ട്രഷറി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് ട്രഷറിയിൽ നിന്ന് നൽകേണ്ട പണം പോകുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. കേന്ദ്ര ഗവൺമെന്റിൽ നിന്ന് ലഭിക്കേണ്ട 57,400 കോടി രൂപയുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടമെടുപ്പ് പരിധിയിലെ നിയന്ത്രണവും ധനപ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
കേന്ദ്രത്തിൽ നിന്ന് അർഹമായ തുക ലഭിക്കുന്നതിനാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന് നൽകേണ്ട 13,608 കോടി രൂപയുടെ കുറവ് കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇതനുവദിക്കുന്നതിന് കേസ് പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. ധനകാര്യ മാനേജ്‌മെന്റിൽ കേരളം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. നികുതി വർധനയില്ലാതെ റവന്യൂ വരുമാനം 47000 കോടിയിൽ നിന്നും 72,000 കോടി രൂപയായി ഉയർത്തിയ സംസ്ഥാനമാണ് കേരളം.
ജി എസ് ടി തുക ശേഖരിക്കുന്നതിൽ ദേശീയ ശരാശരി 12 ശതമാനം ആകുമ്പോൾ കേരളം 16 ശതമാനം ആണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സുശക്തമായ ട്രഷറി സംവിധാനം കേരളത്തിനുണ്ട്. അതിനാൽ അനാവശ്യമായ ആശങ്കകൾക്ക് അടിസ്ഥാനമില്ല. എന്നാൽ ശമ്പളവും പെൻഷനും പോലെ വിവിധ പൂർത്തിയാക്കണ്ടതും അതിന്റെ ചെലവ് കണ്ടെത്തണ്ടതും സംസ്ഥാനത്തിന്റെ ആവശ്യമാണ്. ഇതിന് കേന്ദ്രഗവൺമെന്റിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.