സ്‌നേഹ ഭവനത്തില്‍ മായയ്ക്കു സ്വപ്ന സാക്ഷാത്കാരം
ഭരണമികവില്‍ മാതൃക തുടര്‍ന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നിര്‍മിച്ച സ്‌നേഹ ഭവനത്തിന്റെ സമര്‍പ്പണം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഇച്ഛാശക്തിയുള്ള ഭരണനേതൃത്വത്തിന്റെ മികവാണ് സ്‌നേഹഭവനമെന്നും സംസ്ഥാനത്തൊട്ടാകെ മാതൃകയാക്കേണ്ട പ്രവര്‍ത്തനമാണ് ഒല്ലൂക്കര ബ്ലോക്ക് കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയോട് ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവന നിര്‍മാണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ബാബു, മടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി ആര്‍ സുരേഷ് ബാബു, സാവിത്രി രാമചന്ദ്രന്‍, കെ പി പ്രശാന്ത്, പുഷ്പചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജെയിമി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.