എരുത്തേമ്പതിയില്‍ 287.10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

എരുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ 287.10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോവില്‍പാറ-താവളം റോഡ് ഒന്നാംഘട്ട പൂര്‍ത്തീകരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വണ്ണാമട ഭഗവതി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. ഇതില്‍ 50 ലക്ഷം രൂപ ചെലവില്‍ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചു. സ്‌കൂളിലേക്ക് 15 ലക്ഷം രൂപ ചെലവില്‍ മിനിബസ് വാങ്ങിയെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ ചെലവില്‍ മൂങ്കില്‍മട വാട്ടര്‍ പ്ലാന്റിന്റെയും ഫില്‍ട്ടര്‍ പ്ലാന്റിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. 4.15 ലക്ഷം രൂപയില്‍ വില്ലൂന്നി കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി.

പഞ്ചായത്തിലെ വിവിധ പരമ്പരാഗത കനാലുകളുടെ നവീകരണവും പൂര്‍ത്തിയാക്കി. സോളാര്‍ പ്ലാന്റുകള്‍, സ്വയം തൊഴില്‍സംഘങ്ങള്‍ തുടങ്ങിയവയിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ജനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അതിനു വേണ്ട സഹായം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദര്‍ശിനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആര്‍.സി സമ്പത്ത്കുമാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വസന്ത, രമേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ എസ്. ശെല്‍വ കുമാരസ്വാമി, സജിനി ബാബു, കവിത, എസ്. മഹാലിംഗം, പി. കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാഹുലേയന്‍ എന്നിവര്‍ പങ്കെടുത്തു.