പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി


അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട സെലിൻ ഫ്രാൻസിസ് കിഴക്കേ വീട്ടിൽ എന്ന വ്യക്തിക്കാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകിയത്. അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട പറവൂർ ബ്ലോക്കിലെ ആദ്യ വീടാണിത്.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപയും, ടോയ്‌ലറ്റ് നിർമ്മാണത്തിനായി അധികവിഹിതമായി ശുചിത്വമിഷന്റെ 12,000 രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 തൊഴിൽ ദിനങ്ങളും വീട് നിർമാണത്തിനായി അനുവദിച്ചിരുന്നു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീന രത്നൻ, മിനി വർഗീസ് മണിയറ, ലൈജു ജോസഫ്, വി.ഇ.ഒ ഗിരീഷ് നായ്ക്ക് എന്നിവർ സംസാരിച്ചു.