പാതാളം റെഗുലേറ്റർ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിർമ്മാണം പൂർത്തിയായ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രദേശത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് പൂർത്തീകരിക്കപ്പെട്ടത്. മികച്ച രീതിയിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. പാലത്തിന്റെ പെയിന്റിങ്ങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിക്കും. ഇരിപ്പിടങ്ങളും മറ്റും ക്രമീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്, അതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വഴിവിളക്കുകൾ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വിളക്കുകൾ തെളിക്കുന്നതിനും ഷട്ടർ ഓപ്പറേറ്റ് ചെയ്യുന്നതിനും ഏറെ ഉപകാരപ്പെടുന്നതാണ് വൈദ്യുതീകരണം പദ്ധതി.

ചടങ്ങിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. അബ്ബാസ്, ഏലൂർ നഗരസഭ കൗൺസിലർമാരായ അംബിക ചന്ദ്രൻ, എം.ആർ നീതു, നിസി സാബു, സരിത പ്രസീതൻ, ദിവ്യ നോബി, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ നവാസ് യൂസഫ്, ഓവർസിയർ പി.എ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.