മേപ്പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇനി സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ലഭ്യമാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് പതിപ്പിക്കല്‍, വിവരശേഖരണം എന്നിവ നടന്നു. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ വാര്‍ഡ്തലം വരെ മോണിറ്റര്‍ ചെയ്യുന്നതിന് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം-ശുചിത്വ മിഷന്‍, കില എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഡാറ്റാ ബേസ്, ടെക്നീഷ്യന്‍സ് ആപ്പ്, കസ്റ്റമര്‍ ആപ്പ്, എം.സി.എസ്/ആര്‍.ആര്‍.എഫ് ആപ്പ്, വെബ് പേര്‍ട്ടല്‍ തുടങ്ങിയ അഞ്ച് ഘടകങ്ങളാണ് ആപ്പ് മുഖേന ലഭ്യമാകുക. ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.