പോലിസിന്റെ ജാതിയും മതവും പോലിസ് തന്നെ
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നാടിന്റെ മതനിരപേക്ഷ ഭദ്രത തകർക്കാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ഹീനശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎപി നാലാം ബറ്റാലിയൻ-എംഎസ്പി പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ രാജ്യമെന്ന് ഭരണഘടനയിൽ തന്നെ പ്രഖ്യാപിച്ച നാടാണ് നമ്മുടേത്. രാജ്യത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന മതനിരപേക്ഷ മനസ്സുള്ള ജനതയാണ് കേരളത്തിലേത്. എന്നാൽ അടുത്തകാലത്തായി മതനിരപേക്ഷത ആപത്താണെന്ന് കാണുന്നവർ അത് തകർക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം നീക്കങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാക്കിയ വിപത്തുകളെ കുറിച്ച് കേട്ടറിഞ്ഞവരാണ് നാം. ജനങ്ങളെ ഭിന്നിപ്പിക്കാൻ മതത്തെയും ജാതിയെയും ഉപയോഗിക്കുകയാണ് ചിലർ. ഇത് നാം ഗൗരവമായി കാണണം. മതനിരപേക്ഷത തകർക്കാനുള്ള ഏതു ശ്രമവും നാടിനാപത്താണ്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഇത് പ്രായോഗികമായി നടപ്പിലാക്കേണ്ട ഉത്തരവാദിത്തമുള്ള വലിയ വിഭാഗമാണ് പോലിസ്. ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാടാണ് കേരള പൊലീസ് സ്വീകരിച്ചുവരുന്നത്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പൊലീസ് നിലപാടിന് ജനങ്ങളിൽ നിന്ന് വലിയ അഭിനന്ദനം ലഭിക്കുകയുണ്ടായി. എന്നാൽ പൊലീസിനു നേരെ ഒറ്റപ്പെട്ട എതിർശബ്ദങ്ങളും ഇവിടെയുണ്ടായി. മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയിൽ നിന്നാണ് ഇത്തരം ശബ്ദങ്ങൾ ഉയർന്നുവരുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ പൊലീസ് സേനയെ തന്നെ ചേരിതിരിക്കാനുള്ള ശ്രമവും ഇവർ നടത്തി. പൊലീസിനെ നിർവീര്യമാക്കാനുള്ള ശ്രത്തിന്റെ ഭാഗമാണത്. പൊലീസിന് ഒറ്റ മതവും ജാതിയുമേയുള്ളൂ. പൊലീസ് എന്നതാണ് അവരുടെ ജാതിയും മതവും. അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിർവീര്യമാക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണം. ഇത്തരം നീക്കം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും വേണം. ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങളുടെ മുമ്പിൽ പൊലീസ് പതറേണ്ട കാര്യമില്ല. ഐക്യവും അച്ചടക്കവും കൈമുതലാക്കി സതുത്യർഹമായ സേവനവുമായി മുമ്പോട്ടുപോവുക തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ സമൂഹത്തിന് ചേർന്ന രീതിയിൽ പൊലീസിനെ പരിവർത്തിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനനുസൃതമായി പൊലീസ് പരിശീലനം പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവർ സേനയിൽ കൂടുതലായി വരുന്നത് പൊലീസിന്റെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.െ
2017 ഡിസംബറിൽ പരിശീലനം ആരംഭിച്ച കെ എ പി നാലാം ബറ്റാലിയനിലെ 422 പൊലീസുകാരും എം എസ് പി യിലെ 425 പൊലീസുകാരുമാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. പരേഡിന് കെ എ പി യിലെ ജിജിൻ രാജ് നേതൃത്വം നൽകി. എം എസ് പി യിലെ ബി എസ് ഷാംജിത്ത് ആയിരുന്നു സെക്കന്റ് ഇൻ കമാന്റ്.
പരിശീലന വേളയിൽ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കെ എ പി യിലെ ആദർഷ് ചന്ദ്രൻ (ബെസ്റ്റ് ഷൂട്ടർ), ടി നിധിൻ (ബെസ്റ്റ് ഇൻഡോർ), രാകേഷ് കുമാർ (ബെസ്റ്റ് ഔട്ട്‌ഡോർ), ജിജിൻ രാജ് (ഓൾ റൗണ്ടർ), എം എസ് പി യിലെ അശ്വിൻ (ബെസ്റ്റ് ഷൂട്ടർ), അനസ് (ബെസ്റ്റ് ഇൻഡോർ, ഓൾറൗണ്ടർ), സഹീർ (ബെസ്റ്റ് ഔട്ട് ഡോർ) എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി കെ ശ്രീമതി ടീച്ചർ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സായുധസേനാ വിഭാഗം ഐ ജി ഇ കെ ജയരാജ്, സായുധസേനാ വിഭാഗം ഡി ഐ ജി കെ ഷെഫീൻ അഹ്മദ്, കെഎപി നാലാം ബറ്റാലിയൻ കമാന്റന്റ് കോറി സഞ്ജയ് കുമാർ ഗുരുഡിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള ടീച്ചർ, മുൻ എംഎൽഎ പി ജയരാജൻ തുടങ്ങിയവർ സംബന്ധിച്ചു.
രണ്ട് എംഎഡുകാർ, അഞ്ച് എംബിഎക്കാർ, 78 പിജിക്കാർ, 27 ബി.ടെക്കുകാർ, 365 ഡിഗ്രിക്കാർ, ഒരു ബിപിഎഡുകാരൻ, ഒരു നഴ്സിംഗ് ബിരുദധാരി, 63 ഡിപ്ലോമ/ഐടിഐക്കാർ എന്നിവരടങ്ങിയതാണ് കെ എ പി നാലാം ബറ്റാലിയനിൽ നിന്ന് പിരിശീലനം പൂർത്തിയാക്കിയ 28-ാമത് ബാച്ച്.