ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാ വാര്‍ഷികം കാസര്‍കോട് ജില്ലയില്‍ വിപുലമായി നടത്തുന്നതിന്റെ ഭാഗമായി റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനെ ചെയര്‍മാനാക്കി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. എംപി, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വര്‍ക്കിംഗ് ചെയമാന്‍, ഡോ.സി ബാലന്‍ കണ്‍വീനര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ വൈസ് പ്രസിഡന്റുമാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമാകും.വിളംബര ജാഥ ചെയര്‍മാനായി അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും കണ്‍വീനറായി ഹോസ്ദുര്‍ഗ തഹസില്‍ദാറെയും തെരഞ്ഞെടുത്തു.  കൂടാതെ പ്രത്യേക സബ് കമ്മിറ്റികളും രൂപികരിച്ചു.
ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തിലാണ് വിപുലമായ സംഘാടക സമിതി രൂപികരിച്ചത്. റവന്യമന്ത്രി ഇ. ചന്ദ്രശേഖരന്‍ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചര്‍ച്ച  നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ അരുണ്‍.കെ വിജയന്‍, മുന്‍ എംഎല്‍എ: എം.നാരായണ്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, കൗണ്‍സിലര്‍ സന്തോഷ് കുഷാന്‍ നഗര്‍, ചരിത്രകാരന്‍ ഡോ.സി ബാലന്‍,  തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് സാലിയാന്‍,  ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിധിയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക സംഘടന, വിദ്യാര്‍ഥി സംഘടന, സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടന, സന്നദ്ധ സംഘടന, ഗ്രന്ഥശാല, ഗാന്ധിയന്‍ സംഘടന പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു സ്വാഗതവും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍പിള്ള നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നവംബര്‍ 10, 11, 12 തീയതികളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ 10ന് രാവിലെ 11ന് ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ജില്ലയില്‍ നിന്ന് അയിത്തോച്ചാടന സമരത്തില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ആദരിക്കും. പന്തിഭോജനത്തിന്റെ സ്മരണയ്ക്കായി സര്‍വമതവിഭാഗങ്ങളും പങ്കെടുക്കുന്ന പന്തിഭോജനവും ഉച്ചയ്ക്ക് നടക്കും. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ചിത്രപ്രദര്‍ശനം, ഡോക്യൂമെന്ററി പ്രദര്‍ശനം, സെമിനാറുകള്‍, ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്നിട്ടുള്ള സമരങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കായി ലേഖന മത്സരങ്ങള്‍, നവോത്ഥാനവുമായി ബന്ധപ്പെട്ട വിവിധ സമരങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, സംസ്ഥാനതല ക്വിസ് മത്സരങ്ങള്‍, വിവിധ മതങ്ങളില്‍ നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകള്‍, സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണവകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍, തുളു അക്കാദമി എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.