പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പട്ടിക ജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ ഹോം സർവ്വേ ( ഹൗസ്ഹോൾഡ് ഓറിയന്റഡ് മൈക്രോ പ്ലാനിങ് ഫോർ എംപവർമെൻ്റ് സർവ്വേ) ആരംഭിച്ചു. പട്ടികജാതി വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സങ്കേതങ്ങളുടെയും സമഗ്രമായ വിവരശേഖരണം ഡിജിറ്റൽ പ്ലാറ്റ്ഫോമിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോം സർവ്വേ നടത്തുന്നത്.

പട്ടികജാതി സമൂഹത്തിന്റെ സാമ്പത്തികവും, വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്‌കാരികവുമായ വികസന പുരോഗതിക്കായി വകുപ്പ് നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനും സർവ്വേ വഴി ലഭിക്കുന്ന വിവരങ്ങൾ സഹായകരമാവും. വികസന മേഖലയിൽ പട്ടികജാതി സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും തടസ്സങ്ങളെയും തിരിച്ചറിയുന്നതിനും അതിനനുസരിച്ച് പദ്ധതികൾക്കും നയങ്ങൾക്കും രൂപം നൽകുവാനും സാധിക്കും.

124 പട്ടികജാതി പ്രമോട്ടർമാർ, കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാർ, അക്രഡിറ്റഡ് എഞ്ചിനീയർമാർ, ഓവർസിയർ എന്നിവർ വഴിയാണ് 286 ഓളം വരുന്ന വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്നത്. അതിദാരിദ്ര്യ കുടുംബങ്ങളുടെയും ദുർബല കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേകമായ മുൻഗണന നൽകും. 2009 ലാണ് കിലയുടെ സഹകരണത്തോടെ വിവരശേഖരണം നടത്തിയത്.