മാലിന്യമുക്തം നവകേരളം കൈവരിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ അവസാനഘട്ടമായുള്ള കര്‍മ്മപരിപാടി തയ്യാറാക്കിയതായി ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റ് അറിയിച്ചു. മാലിന്യമുക്ത പ്രഖ്യാപനത്തിനപ്പുറത്ത് സുസ്ഥിരമായി അത് നിലനിര്‍ത്താന്‍ ചിട്ടയോടുള്ള പ്രവര്‍ത്തനത്തിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനകള്‍, തൊഴിലുറപ്പു താഴിലാളികള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ കുടുംബശ്രീ, വ്യാപാരി സമൂഹം, ഹരിത പ്രേട്ടോകോള്‍ പാലിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, ഉത്സവങ്ങള്‍ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനുള്ള ഭക്തിയിടം-വൃത്തിയിടം ക്യാമ്പയിനില്‍ പങ്കെടുക്കുന്ന ഉത്സവകമ്മിറ്റികള്‍, സന്നദ്ധസാമൂഹ്യ സംഘടനകള്‍ എന്നിവര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ സി.ഡി.എസ് അംഗങ്ങളെ ബോധവത്ക്കരിക്കാന്‍ പൊതുസഭ ചേരാനും തീരുമാനിച്ചു.

34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി

ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റിന്റെ ഭാഗമായി 50 ശതമാനത്തിന് താഴെ യൂസര്‍ഫീ കളക്ഷന്‍ നിലനില്‍ക്കുന്ന 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയാണ്. ഇവിടങ്ങളില്‍ 100 ശതമാനം ശേഖരണവും യൂസര്‍ഫീ പിരിക്കലും എത്തിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി വരുന്നുണ്ട്. വാതില്‍പ്പടി ശേഖരണം വഴി വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പൊതുനിരത്തില്‍ കെട്ടുകളായി വയ്ക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ അതതു ദിവസങ്ങളില്‍ തന്നെ മിനി എം.സി.എഫുകളില്‍നിന്നും എം.സി.എഫുകളിലേക്ക് മാറ്റണം.

യോഗത്തില്‍  അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദജലീസ, നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ദീപ, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.