വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ്ണആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും.
ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ,  ഹെപ്പറ്റൈറ്റിസ്,  ഷിഗല്ല  രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്.  പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആരോഗ്യകരമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക എന്നിവ പ്രധാനമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ  അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* കുടിക്കുവാൻ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
*  ഭക്ഷണപാനീയങ്ങളിൽ  ഈച്ച , കൊതുക് പോലെയുള്ള  പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക.
*  ഭക്ഷണം പാകം ചെയ്യുവാനും,  കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക.
*  തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം പാനീയങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുക.
*  കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുക.
*  കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക.
* വയറിളക്ക രോഗങ്ങൾ പിടിപെട്ടാൽ  രോഗങ്ങൾ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുക.
*  ഉപ്പിട്ട കഞ്ഞിവെള്ളം,  കരിക്കിൻ വെള്ളം,  ഒ.ആർ.എസ് ലായനി എന്നിവ ഉപയോഗിക്കുക
* വ്യക്തി ശുചിത്വം പാലിക്കുക

* ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകുക.
*  കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
*  ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
*  തുറസ്സായ സ്ഥലങ്ങളിൽ  മല മൂത്രവിസർജനം ഒഴിവാക്കുക.
*  മലമൂത്ര വിസർജനശേഷവും കൈകൾ വൃത്തിയായി  സോപ്പ് ഉപയോഗിച്ച് കഴുകുക.
*  വീടിൻറെ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം കൂടാതെ ശ്രദ്ധിക്കുക.
*  മാലിന്യങ്ങൾ ശാസ്ത്രീയമായി തന്നെ സംസ്കരിക്കുകഹെപ്പറ്റൈറ്റിസ് എ ആന്റ് ഇ

മനുഷ്യൻറെ കരളിനെ ബാധിക്കുന്ന ഒരു തീവ്രമായ പകർച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്,. രോഗമുള്ളവരുമായി അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ  രോഗി , രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് തന്നെ രോഗം പകരും. മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ് , ശീതള പാനീയങ്ങൾ എന്നിവകളിലൂടെയും  രോഗം പകരാം.  മലിനജലം ഉപയോഗിച്ച്  പാത്രങ്ങൾ കഴുകുക ,  കൈകൾ കഴുകുക,   എന്നിവയിലൂടെയും  രോഗം പകരാം.
ഹോട്ടലുകളിലും  മറ്റു വിവാഹ സൽക്കാരങ്ങളിലും   ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന  കൊമേഴ്സ്യൽ ഐസിലൂടെയും  രോഗം പകരാൻ സാധ്യതയുണ്ട്,  സെപ്റ്റിക് ടാങ്കുകളിലെ  ചോർച്ച മുഖേന  കിണറുകളിലെ വെള്ളം   മലിനമാകുന്നതിലൂടെയും രോഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ:  

*  ക്ഷീണം , പനി വയറുവേദന , ഓർക്കാനം , ഛർദ്ദി, വയറിളക്കം ,  വിശപ്പില്ലായ്മ , ചൊറിച്ചിൽ , മഞ്ഞപ്പിത്തം എന്നിവയാണ് രോഗലക്ഷണങ്ങൾ
*  ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പ്രത്യേകിച്ച് ചികിത്സകൾ ഇല്ലാത്ത ഈ അസുഖംം വിശ്രമത്തിലൂടെ ഒന്നര മാസം കൊണ്ട് പൂർണമായും ഭേദമാകുന്നതാണ്.
*  അസുഖബാധിതർ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ  ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം
*  ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും,  വിദഗ്ധ ഡോക്ടർമാരിൽ നിന്നും  മാത്രം ചികിത്സ തേടുക.
*  അംഗീകൃതമല്ലാത്ത  മരുന്നുകളും  അശാസ്ത്രീയമായ ചികിത്സകളും  സ്വീകരിക്കുന്നതിലൂടെ കരളിന്റെ പ്രവർത്തനം കൂടുതൽ മോശമായി  വളരെ പെട്ടെന്ന്  മരണം സംഭവിക്കാം.
*  രോഗികൾ ഉപയോഗിച്ച    വസ്ത്രങ്ങളും മറ്റു വസ്തുക്കളും   വീട്ടിലുള്ള മറ്റുള്ളവരും ആയി  പങ്കിടരുത് . ഇവ അണവിമുക്തമാക്കിയതിനുശേഷം മാത്രം പുനരുപയോഗിക്കുക.