സ്ത്രീകൾക്ക് പ്രസവാനന്തര ശുശ്രൂഷ ഉറപ്പാക്കുന്ന പരിചരണം സൂതിക പദ്ധതിക്ക് മണീട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല മരുന്ന് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് നിർവ്വഹിച്ചു. കൂടാതെ എൻ സി ഡി (സാംക്രമികേതര രോഗ) ക്ലിനിക്ക്, ആയുഷ് യോഗ ക്ലബ് രണ്ടാം ബാച്ച് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ പ്രസിഡൻ്റ് നിർവഹിച്ചു.

സ്ത്രീകൾക്ക് ആരോഗ്യകരമായ പ്രസവാനന്തര പരിചരണങ്ങൾ നൽകി അമ്മയുടെയും കുഞ്ഞിന്റെയും മികച്ച ആരോഗ്യ പരിരക്ഷയാണ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂതിക പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ഏഴിക്കരനാട് ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

പഞ്ചായത്തിലെ വികസന പദ്ധതികളുടെ ഭാഗമായി ഒന്നരലക്ഷം രൂപ ചിലവിലാണ് പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. ആരോഗ്യ മേഖലയിൽ കൂടുതൽ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള വികസന പദ്ധതികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡൻ്റ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഹേമേഷ് പി ജോഷി പദ്ധതി വിശദീകരണം നടത്തി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ പ്രദീപ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ടി അനീഷ്, പി എസ് ജോബ്, വാർഡ് മെമ്പർമാരായ വി ജെ ജോസഫ്, എ കെ സോജൻ, പി പ്രദീപ്, എച്ച്എംസി അംഗങ്ങളായ കെ സി കൃഷ്ണൻ,പി കെ ജേക്കബ്, ജോയി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.