വിദ്യാർഥികളുടെ സേവന മനോഭാവവും സാമൂഹിക പ്രതിബന്ധതയും വളർത്തുന്നതിന് അഭിനന്ദനീയമായ സംഭാവന നൽകുന്ന പ്രസ്ഥാനമാണ് എൻഎസ്എസ് എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റെടുത്ത് നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

3500 യൂണിറ്റുകളിലായി മൂന്നര ലക്ഷത്തോളം വളണ്ടിയേഴ്സ് കേരളത്തിൽ എൻഎസ്എസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തിൽ 1000 വീടുകൾ നിർമിച്ചു നൽകാൻ എൻ എസ് എസ് തീരുമാനിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിത കേരളം ഇനി പാടില്ലെന്ന നിർബന്ധബുദ്ധിയോട് കൂടിയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സെന്റ് മേരിസ് എച്ച്എസ്എസിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുന്നപ്പശ്ശേരി വീട്ടിൽ അൻഫാസ് മുഹമ്മദിനാണ് ഭവനം ഒരുങ്ങുന്നത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഭവനരഹിതരായ മുഴുവൻ പേർക്കും വീട് വെച്ച് നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹക്കൂട്. എൻഎസ്എസ് യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്നേഹക്കൂട് പദ്ധതിയിൽ നിർധനർക്ക് വീട് വെച്ച് നൽകുന്നത്. സർക്കാരിന്റെ വിവിധ പദ്ധതിയിൽ ഉൾപ്പെടാതെ പോയവർക്കാണ് പദ്ധതി പ്രകാരം ഭവനം ലഭ്യമാകുന്നത്.

കാട്ടുങ്ങച്ചിറ കോക്കാനിക്കാടിൽ നടന്ന പരിപാടിയിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക് പി, സ്കൂൾ മാനേജർ റവറൽ ഫാദർ ഡോ. ലാസർ കുറ്റിക്കാടാൻ, വാർഡ് കൗൺസിലർമാരായ ഫെനി എബിൻ, എം ആർ ഷാജു, കെ ആർ വിജയ, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പിൽ, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് മെഡലി റോയ്, ഹൈസ്കൂൾ പ്രധാന അധ്യാപിക റീജ ജോസ്, ഇരിങ്ങാലക്കുട ക്ലസ്റ്റർ 1 പി എ സി സുഭാഷ് മാത്യു, കൊടുങ്ങല്ലൂർ ക്ലസ്റ്റർ കൺവീനർ ഇ ആർ രേഖ, ഇരിങ്ങാലക്കുട ക്ലസ്റ്റർ 2 പി എ സി ശ്രീജിത്ത്‌ ഒ എസ്, മാള പി എ സി തോമസ് എ എ, സ്നേഹക്കൂട് കോർഡിനേറ്റർ ഡോ. ടി വി ബിനു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജൂബി കെ ജോയ്, സ്റ്റാഫ് പ്രതിനിധി സിബിൻ ലാസർ, കത്തീഡ്രൽ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, എൻഎസ്എസ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.