മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു

ചാലക്കുടി റീജിയണൽ സയൻസ് സെന്ററിലെ പുതിയ ഗാലറിയുടെ ഉദ്ഘാടനവും ശാസ്ത്രജ്ഞരെ ആദരിക്കലും യുവ വനിതാ ഗവേഷക സംഗമവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു.

കേരളത്തിലെ ശാസ്ത്ര ഗവേഷണ മേഖലയിൽ വലിയ മുന്നേറ്റമാണ് നടക്കുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. യങ്ങ് ഇന്നോവേറ്റേഴ്സ് ക്ലബ്ബുകളിലൂടെ ശാസ്ത്രീയമായ പുത്തൻ ആശയങ്ങൾ കണ്ടെത്തുന്നതിനും പങ്കുവെയ്ക്കുന്നതിനും യൂവാക്കൾക്ക് അവസരം നൽകുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്സിന്റെയും കാലത്താണ് നാം ജീവിക്കുന്നത്. അടിസ്ഥാന സൗകര്യ വിപുലീകരണ രംഗത്ത് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള സ്റ്റേറ്റ് സയൻസ് ആന്റ് ടെക്നോളജി മ്യൂസിയത്തിന് കീഴിലെ ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലാണ് ഗവേഷകർക്കായി പുതിയ ഗ്യാലറി ഒരുങ്ങിയത്. വിത്തുകൾ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വിശദമായി പ്രദർശിപ്പിക്കുന്ന 3500 ചതുരശ്ര അടി വലിപ്പമുള്ള ടൂറിംഗ് എക്സിബിഷൻ നടന്നു.

ചടങ്ങിൽ കെ എസ് എസ് ടി എം ഡയറക്ടർ ഇൻ ചാർജ് എസ്.എസ് സോജു അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ബി.ഡി ദേവസ്സി, കെ എസ് എസ് പി സെക്രട്ടറി ടി.വി രാജു, കെ എസ് എസ് ടി എം സയന്റിഫിക് ഓഫീസർ മനു ശങ്കർ, എസ്.എൻ ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.