കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം വിലയിരുത്തി. കേരളത്തിലെ വിവിധ ആയുഷ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് സംഘം അഭിനന്ദിച്ചത്. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഒരുമിച്ച് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും കേരളത്തിന്റെ ആയുഷ് മേഖലയെപ്പറ്റി അടുത്തറിയാനുമാണ് സംഘമെത്തിയത്. മാർച്ച് അഞ്ചിന് എത്തിയ സംഘം എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുക്കുകയും ആരോഗ്യ മന്ത്രി വീണാ ജോർജുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ആയുഷ് രംഗത്ത് വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോമിയോ ഡിസ്പെൻസറികൾ ഇല്ലാത്ത 35 പഞ്ചായത്തുകളിലും അഞ്ച് മുൻസിപ്പാലിറ്റികളിലും കൂടി ഡിസ്പെൻസറികൾ അനുവദിച്ച് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറിയുള്ള സംസ്ഥാനമാക്കി മാറ്റി. മികച്ച സേവനങ്ങൾ ലഭ്യമാക്കിയതിന്റെ ഫലമായി ആയുഷ് വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി.

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. ആയുഷ് മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഒപി സേവനം നൽകുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. കേരളത്തിന് പുറത്ത് നിന്നുള്ള വിദേശികളടക്കമുള്ള ആളുകളെ ചികിത്സിക്കാനുള്ള ഹെൽത്ത് ഹബ്ബാക്കി ആയുഷ് മേഖലയെ മാറ്റാനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ആയുർവേദ, ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ, സ്പെഷ്യലിറ്റി ആശുപത്രികൾ, ഡിസ്‌പെൻസറികൾ എന്നിവ സന്ദർശിക്കുകയും സംസ്ഥാനത്തെ ആയുഷ് പദ്ധതികളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. കേരളത്തിലെ ആയുഷ് രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഉത്തരാഖണ്ഡിൽ നടപ്പിലാക്കുമെന്ന് അവർ അറിയിച്ചു.

ഉത്തരാഖണ്ഡ് സംസ്ഥാന ആയുർവേദ ജോയിന്റ് ഡയറക്ടർ ഡോ. ആർ.പി. സിംഗ്, ഹോമിയോപ്പതി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പമീത ഉനിയാൽ, സ്റ്റേറ്റ് മിഷൻ ഓഫീസർ ഡോ. ഹരിമോഹൻ ത്രിപാഠി, ജില്ലാ ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ. മീര ഹൈനാക്കി എന്നിവരടങ്ങുന്ന ഉന്നത സംഘമാണ് സംസ്ഥാനത്ത് സന്ദർശനം നടത്തിയത്.