യഥാർഥ വായനയിലേക്കും തിരിച്ചറിവുകളിലേക്കും യുവജനങ്ങളെ കൊണ്ടുവരാൻ ലൈബ്രറികൾ ഉപയോഗിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കാട്ടൂരിലെ പി എം അലി സ്മാരക ലൈബ്രറിയിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 50,000 രൂപയുടെ പുസ്തകങ്ങൾ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
സമാന്തര വിദ്യാഭ്യാസ ശാലകളാണ് ലൈബ്രറികൾ. വായനയുടെ സംസ്കാരം വരും തലമുറയ്ക്ക് പകർന്ന് കൊടുക്കണം. വായനയിലൂടെയാണ് സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സമൂഹം രൂപീകരിക്കപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടി കെ ബാലൻ ഹാളിൽ നടന്ന ചടങ്ങിൽ പി എം അലി സ്മാരക ലൈബ്രറി പ്രസിഡന്റ് എൻ ബി പവിത്രൻ അധ്യക്ഷത വഹിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം കമറുദ്ദീൻ, സാംസ്കാരിക പ്രവർത്തകൻ വിജീഷ് വിവേകാനന്ദൻ, കാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രമ ഭായ്, ഗ്രന്ഥശാല സംഘം കാട്ടൂർ മേഖലാ ചെയർമാൻ മുഹമ്മദ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.