മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം ഇ ടി ടൈസൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ നീന്തൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നീന്തൽ പരിശീലന കേന്ദ്രം നിർമ്മിച്ചത്.
മുൻ കയ്പമംഗലം എം എൽ എ വി എസ് സുനിൽകുമാറിൻ്റെ 2015-16 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 61.5 ലക്ഷം രൂപ ചെലവഴിച്ചാണ് നീന്തൽ പരിശീലന കേന്ദ്രത്തിൻ്റെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ പൊതുമേഖല സ്ഥാപനമായ സിൽക്ക് പൂർത്തിയാക്കിയത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ പദ്ധതി വിഹിതങ്ങൾ ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കി.
ആധുനിക രീതിയിൽ നിർമ്മിച്ച നീന്തൽ കുളത്തിൽ 20 മീറ്റർ നീളവും 10 മീറ്റർ വീതിയും 1.35 മീറ്റർ ആഴവുമുണ്ട്. പരിശീലന കേന്ദ്രത്തിൽ ഓസോൺ ജനറേറ്റർ, വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാന്റ്, ഡ്രസ്സിംഗ് റൂം, ശൌചാലയം, യാർഡ് ലൈറ്റിംഗ് എന്നിവയും ജീവൻ രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.