വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘പറന്ന് പറന്ന് മാനത്തോളം’ ഭിന്നശേഷി കലോത്സവം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷി കുട്ടികൾക്ക് കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും കൂട്ടുകൂടാനും അവസരം ഒരുക്കുകയാണ് ഇത്തരം കലോത്സവങ്ങളിലൂടെ എന്ന് മന്ത്രി പറഞ്ഞു.
ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. ഭിന്നശേഷികലോത്സവങ്ങളിലും സംഗമങ്ങളിലും എല്ലാവരും പങ്കെടുത്ത് സൗഹൃദ കൂട്ടായ്മ ഒരുക്കാൻ സാധിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ആസൂത്രണം 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ബ്ലോക്ക് പരിധിയിലെ നൂറിലധികം മുഖ്യപരിഗണന വിഭാഗത്തിൽപ്പെടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഒത്തുചേർന്നത്. സംസ്ഥാന ഭിന്നശേഷി പുരസ്കാര ജേതാവായ സുധീഷ് ചന്ദ്രൻ ക്യാമ്പിന് നേതൃത്വം നൽകി. പരിമിതികളെ മറന്നുകൊണ്ട് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് തിരിച്ചെത്തിയ പി ബി സക്കീർ ഹുസൈൻ കുട്ടികളുമായി സംവദിച്ചു.