ഭിന്നശേഷി കുട്ടികൾക്ക് ഏറ്റവും നല്ല ചികിത്സാ സൗകര്യവും, പുനരധിവാസവും ശാക്തീകരണവും പരിശീലനവും നല്ല രീതിയിൽ ഏറ്റെടുത്ത് മുന്നോട്ടു പോവുകയാണ് സർക്കാർ. ടെക്നോളജിയുടെ സഹായത്തോടുകൂടി നിരവധി പുതിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തെറാപ്പി, ആരോഗ്യ സുരക്ഷാ സൗകര്യങ്ങളും ഉള്ള സമ്പൂർണ ഭിന്നശേഷി സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷി കുട്ടികളുടെ വളർച്ചയ്ക്കായി എല്ലാവിധ തെറാപ്പി സൗകര്യങ്ങളും തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി ഭൗതിക സാഹചര്യങ്ങളും എല്ലാമുള്ള പുനരധിവാസ ഗ്രാമങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നു. നാലിടങ്ങളിൽ പ്രാരംഭഘട്ടം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം പരിശീലനം നൽകുന്ന അംഗൻവാടി വർക്കർമാർ, ആശാവർക്കർമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ഗുണഭോക്താക്കളെ പ്രാഥമികമായി വിലയിരുത്തുകയും, അവസാന വിലയിരുത്തൽ നിപ്‌മറിലെ പ്രൊഫഷണലുകൾ നിർവഹിക്കുകയും ചെയ്യും. ഇത്തരത്തിൽ കണ്ടെത്തുന്ന ഗുണഭോക്താക്കൾക്ക് സഹായക ഉപകരണങ്ങൾ നൽകി പരിശീലനം നൽകും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള ടി എ പി പാഠാവലി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത് നിപ്മറാണ്.
ആളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ് അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എം വോക്ക് തൊഴിൽ പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.