സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സേവനാവകാശ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന കത്ത്, ഉത്തരവ് എന്നിവ മലയാളത്തില്‍ നല്‍കണമെന്നും ഭരണ രംഗത്ത് പൊതുജനങ്ങള്‍ക്ക് മനസിലാവുന്ന പദപ്രയോഗം അനിവാര്യമാണെന്നും ഭാഷാവിദഗ്ധന്‍ ഡോ. ആര്‍ ശിവകുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ. ഡി.എം കെ.ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ ജില്ലാ ഏകോപന സമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസ് ഫയലുകളില്‍ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്നും നിയമപ്രകാരം ഇംഗ്ലീഷില്‍ കത്തിടപാട് നടത്തേണ്ട സാഹചര്യങ്ങളില്‍ കുറിപ്പ് ഫയലുകള്‍ മലയാളത്തിലാകണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ഔദ്യോഗികഭാഷാ വകുപ്പ് പ്രസിദ്ധീകരിച്ച’മലയാളത്തിന്റെ എഴുത്തുരീതി’ കൈപ്പുസ്തകം മലയാളത്തിന്റെ ഏകീകൃത എഴുത്തുരീതിക്ക് സഹായകമാകും.

യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഭാഷാമാറ്റ പുരോഗതി അവലോകനം ചെയ്തു. ഭരണ ഭാഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നേരിടുന്ന ആശങ്കകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്റെ തെറ്റില്ലാതെ മലയാളം പറയാനും എഴുതാനും സഹായിക്കുന്ന പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രോസ്പക്ടസ് എ.ഡി.എം, ഡോ. ആര്‍ ശിവകുമാറിന് കൈമാറി പ്രകാശനം ചെയ്തു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.