മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സമഗ്ര വികസനം നടപ്പാക്കാനുളുള പദ്ധതികൾ ആവിഷ്‌കരിച്ചുവരുകയാണെന്ന് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. പ്രായിക്കര ഫിഷ് ലാൻഡിംഗ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് പദ്ധതി കൂടാതെ തീരദേശ മേഖലയിലെ തൊഴിലാളിക്ക് പുനർഗേഹം പദ്ധതിയിലൂടെ 8300 വീടുകൾ നിർമ്മിച്ചു. 12600 വീടുകൾ ഏഴു വർഷത്തിനുള്ളിൽ കൊടുക്കാൻ സാധിച്ചു. മത്സ്യത്തൊഴിലാളികളുടെ വീടിന്റെ നവീകരണത്തിനായി 30 കോടി രൂപയാണ് മത്സ്യവകുപ്പ് ചെലവഴിക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ കൊടുക്കുന്നതിന് കെ – ഡിസ്‌കുമായി ചേർന്നുള്ള തൊഴിൽ തീരം പദ്ധതി ഉൾനാടൻ തീരദേശ മേഖലയിൽ ആരംഭിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തിന് മത്സ്യബന്ധനം അല്ലാതെ മറ്റൊരു തൊഴിൽ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

1.33 കോടി രൂപ വിനിയോഗിച്ച് 292.55 ച. മി വിസ്തൃതിയിൽ ഇരുനിലകളായിട്ടാണ് ഫിഷ് ലാൻഡിങ് സെന്റർ നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിൽ മത്സ്യലേലം ചെയ്യുന്നതിനുള്ള സംവിധാനം, വല നന്നാക്കുന്നതിനുള്ള സൗകര്യം, സബ് സെന്ററിനായി മുറി, കോൾഡ് സ്റ്റോറേജ് സംവിധാനം, ഓഫീസ് സംവിധാനം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ ചെന്നിത്തല- തൃപ്പരുന്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിലയന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി.കെ ഷെയ്ഖ് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ജില്ലാ പഞ്ചായത്തംഗം ജി.ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ടിനു യോഹന്നാൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണപിള്ള, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനി സുനിൽ,ഷിബു കിളിമാൻ തറയിൽ, സെൻമേരിസ് സൊസൈറ്റി ചെറുകോൽ പ്രസിഡന്റ് കെ.എസ് രാജു കുഞ്ചാന്തറയിൽ, പ്രായിക്കര ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമവികസന സഹകരണ സംഘം സെക്രട്ടറി ജേർസൺ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.