ആർദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് നിരവധി മാറ്റങ്ങൾ സൃഷ്ടിച്ചതായി ആരോഗ്യമന്ത്രി
ആർദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് നിരവധി മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ആശുപത്രികളെ കുറിച്ചുള്ള ധാരണകൾ മാറിയതായും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉൾപ്പടെ ഏർപ്പെടുത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങൾ ഏറെ മുന്നിലാണെന്നും ഈ അടുത്ത് പ്രഖ്യാപിച്ച ആയുഷ് പട്ടികയിൽ കേരളത്തിലെ 150 ഓളം ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെട്ടതായും മന്ത്രി പറഞ്ഞു.
കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം.എൽ.എ, മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഒ ടി നഫീസ, കെ സിജിത്ത്, ഒ പി ഷിജിൽ, വി കെ റീത്ത, നയീമ കുളമുള്ളതിൽ തുടങ്ങിയവർ സംസാരിച്ചു.