ഇലക്ട്രിസിറ്റി ആക്ട് 2003 ലെ സെക്ഷൻ 86 (1) പ്രകാരം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുവാനും ഗ്രിഡുമായി കണക്ട് ചെയ്യുവാനും വേണ്ടിയുള്ള നടപടികള്‍ നിഷ്കര്‍ഷിക്കുന്ന കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (റിന്യുവബിള്‍ എനര്‍ജി ആൻഡ് നെറ്റ് മീറ്ററിംഗ്) റഗുലേഷന്‍സ് 2020, കമ്മീഷന്‍ 2020 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത റെഗുലേഷന്‍ 2022 ൽ ഭേദഗതി ചെയ്തിട്ടുണ്ട്. പുനരുപയോഗ ഊർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം 2030 നോട് കൂടി 500 GW ആക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സര്‍ക്കാർ 2029-30 കാലയളവിനുള്ള പുതുക്കിയ ആർ.പി.ഒ ടാര്‍ജറ്റ് നിഷ്കര്‍ഷിക്കുന്ന ഉത്തരവ് മാര്‍ച്ച് 31, 2022 ന് പ്രസിദ്ധീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത ഓര്‍ഡറിന്റെയും ഉപഭോക്താക്കളിൽ നിന്നും സര്‍ക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (റിന്യുവബിൾ എനര്‍ജി ആൻഡ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷന്‍സ്. 2024 ന്റെ കരട് ജനുവരി 29, 2024 ന് കമ്മീഷന്റെ വെബ്സെറ്റില്‍ (www.erckerala.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചിട്ടുള്ള പൊതുതെളിവെടുപ്പ് മാര്‍ച്ച് 20ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോര്‍ട്ട് ഹാളിൽ വച്ച് രാവിലെ 11 മണിക്ക് നടത്തുന്നു.
പൊതുതെളിവെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവർ മാര്‍ച്ച് 19ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ (kserc@erckerala.org) എന്ന ഇ-മെയില്‍ മുഖാന്തിരം അറിയിക്കണം. കൂടാതെ തപാല്‍ മുഖേനയും ഇ-മെയില്‍ (kserc@erckerala.org) മുഖേനയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാല്‍/ ഇ-മെയില്‍ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്. വെള്ളയമ്പലം. തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മാർച്ച് 20ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.