അടുത്ത രണ്ട് വര്‍ഷം കൊണ്ട് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഒരു ടര്‍ഫെങ്കിലും നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. മുളക്കുഴ ഗ്രാമപഞ്ചായത്തിലെ കൊഴുവല്ലൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കളി സ്ഥലങ്ങള്‍ ഉണ്ടാകുന്നത് കായിക രംഗത്ത് വലിയ മാറ്റമുണ്ടാക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നല്‍കാനാന്‍ സാധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നഷ്ടത്തിന്റെ കണക്കുനോക്കിയല്ല നാട്ടില്‍ വികസനം കൊണ്ടുവരേണ്ടതെന്ന് വരും തലമുറയുടെ മുന്നേറ്റത്തിനായി ഇന്നേ പ്രവര്‍ത്തിച്ച തുടങ്ങണമെന്നും മന്ത്രി പറഞ്ഞു.

കൊഴുവല്ലൂര്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ്, ഡ്രെയിനേജ് സംവിധാനം, ഇന്റര്‍ലോക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 79.52 ലക്ഷം രൂപയാണ് ചെലവ്. കണ്‍വെര്‍ജ് സ്‌പോര്‍ട്‌സ് ഇന്‍ഫ്ര(ഒ.പി.സി.) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിര്‍മ്മാണ ചുമതല.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. രാധാബായ് അധ്യക്ഷത വഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് രമാ മോഹന്‍, ജില്ല പഞ്ചായത്തംഗം ഹേമലത മോഹന്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ സദാനന്ദന്‍, പഞ്ചായത്തംഗങ്ങളായ തോമസ് എബ്രഹാം, കെ.സി. ബിജോയി, സെക്രട്ടറി ടി.വി ജയന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍, സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രസിഡന്റ് സൂരജ്, സെക്രട്ടറി ടോണി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.