കിന്‍ഫ്രയുടെ ജലവിതരണ പദ്ധതിയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കിന്‍ഫ്രയുടെ ജലവിതരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് 2013 ലാണ്. 2016-ല്‍ പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയും 2022-ഓടെ റീ-ടെന്‍ഡര്‍ ചെയ്ത് കരാര്‍ തീര്‍പ്പാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 45 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള വ്യാവസായിക ജലവിതരണ പദ്ധതിയുടെ ഭാഗമായി 800 എം.എം വ്യാസമുള്ള പൈപ്പിടല്‍ ആലുവ തോട്ടുമുഖം ഭാഗത്ത് 2022 ഏപ്രിലില്‍ ആരംഭിച്ചെങ്കിലും ഈ പദ്ധതി വന്നാല്‍ എറണാകുളം ജില്ലയിലെ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും എന്നാരോപിച്ച് പദ്ധതിയുടെ പ്രവൃത്തികള്‍ ചിലര്‍ തടസ്സപ്പെടുത്തിയിരുന്നു.
തോട്ടുമുഖത്ത് പെരിയാറിന്റെ കരയില്‍ ഇപ്പോള്‍ പണിയുന്ന കിണറില്‍നിന്നും ആരംഭിച്ച് തോട്ടുമുഖം, എടയപുരം, കൊച്ചിന്‍ബാങ്ക്, എന്‍.എ.ഡി, മണലിമുക്ക്, ഇടച്ചിറ വഴി 14.5 കിലോമീറ്റര്‍ ദൂരം പൈപ്പിട്ട് കിന്‍ഫ്രയുടെ കാക്കനാട് പാര്‍ക്കില്‍ എത്തിച്ച് അത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യം 30 എം.എല്‍.ഡി വെള്ളം കൊണ്ടുപോകുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് പെട്രോകെമിക്കല്‍ പാര്‍ക്ക് പദ്ധതിയും കൂടി ഉള്‍പ്പെടുത്തിയതിനെതുടര്‍ന്ന് 45 എം.എല്‍.ഡി ആയി ഉയര്‍ത്തുകയായിരുന്നു.
2000-ല്‍ സ്ഥാപിച്ച വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ കടമ്പ്രയാറിലെ വെള്ളം ശുദ്ധീകരിച്ചാണ് ഇന്‍ഫോപാര്‍ക്കിലെ യൂണിറ്റുകളുടെയും കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഇന്‍ഫോപാര്‍ക്ക് വികസനത്തോടെ കടമ്പ്രയാറിന്റെ പരിസരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമാതീതമായി വളര്‍ന്നപ്പോള്‍ ജലലഭ്യതയിലും ഗുണനിലവാരത്തിലും കുറവുണ്ടാകുകയും പ്ലാന്റിന്റെ പ്രവര്‍ത്തനം പലപ്പോഴും നിര്‍ത്തിവയ്ക്കേണ്ടി വന്നു.
ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ ജലക്ഷാമം ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, 2013-ലാണ് മറ്റൊരു ജലസ്രോതസ്സിന്റെ ആവശ്യകത ചിന്തിച്ചത്. ഇതിനായി ജലവിഭവ വകുപ്പിനെ സമീപിച്ചുവെങ്കിലും വ്യാവസായിക ആവശ്യത്തിന് വെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് ബുദ്ധിമുട്ടുകളുള്ളതിനാല്‍ സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ 2016-ല്‍ കിന്‍ഫ്രയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
കിന്‍ഫ്ര പദ്ധതിയ്ക്ക് 2030 ല്‍ 10 എം.എല്‍.ഡിയും 2035 ല്‍ 15 എം.എല്‍.ഡിയും 2040 ല്‍ 25 എം.എല്‍.ഡിയും 2045 ല്‍ 35 എം.എല്‍.ഡിയും 2050ല്‍ 45 ല്‍ എം.എല്‍.ഡിയുമാണ് ആവശ്യമായി വരുക. കിന്‍ഫ്ര പദ്ധതിയുടെ പ്രധാന ഉപഭോക്താക്കള്‍ ഇന്‍ഫോപാര്‍ക്ക് ആണെന്നിരിക്കെ അവിടുത്തെ ആവശ്യത്തെ വ്യാവസായിക ആവശ്യമായല്ല, മറിച്ച് കുടിവെള്ള ആവശ്യം ആയിത്തന്നെ പരിഗണിക്കേണ്ടതാണ്. കിന്‍ഫ്രയിലേക്ക് ഇപ്പോഴുള്ള ജലവിതരണ പദ്ധതി മുന്നോട്ടുപോകുന്നത് കടമ്പ്രയാറിനെ ആശ്രയിച്ചാണ്. അവിടെനിന്നും 4 എം.എല്‍.ഡി ജലമാണ് ഇപ്പോള്‍ കിന്‍ഫ്രയുടെയും ഇന്‍ഫോപാര്‍ക്കിന്റെയും ആവശ്യത്തിനായി എടുക്കുന്നത്. പാടങ്ങളില്‍ നിന്നുള്ള വെള്ളമാണ് കടമ്പ്രയാറിന്റെ പ്രധാന ജലസ്രോതസ്സ് എന്നതിനാല്‍ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 4 എം.എല്‍.ഡിയില്‍ കൂടുതല്‍ ജലം അവിടെനിന്നും എടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
കഴിഞ്ഞ കുറച്ചുവര്‍ഷമായി ഇവിടെനിന്നുള്ള പമ്പിംഗ് നവംബര്‍- ജൂണ്‍ കാലഘട്ടത്തില്‍ പലപ്പോഴായി നിറുത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വേനല്‍ക്കാലത്ത് ബണ്ട് കെട്ടുന്ന പ്രക്രിയ വാട്ടര്‍ മെട്രോയുടെ ബോട്ടിന് സഞ്ചരിക്കുന്നതിനായി ഉപേക്ഷിച്ചാല്‍ കടമ്പ്രയാറില്‍ ഉപ്പുവെള്ളം കയറുകയും നിലവിലെ പമ്പിംഗിനെ സാരമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങളാണ് പെരിയാറില്‍ നിന്നു ജലം എടുക്കുന്ന പദ്ധതിയുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചത്.
ഇന്‍ഫോപാര്‍ക്കില്‍ സ്ഥാപിതമായിരിക്കുന്ന ഐ.ടി കമ്പനികള്‍ ജലദൗര്‍ലഭ്യംമൂലം തങ്ങളുടെ സംരംഭങ്ങള്‍ അവിടെനിന്നു മാറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തീരുമാനിച്ചാല്‍ അതുമൂലം സംസ്ഥാനത്തിനുണ്ടായേക്കാവുന്ന നഷ്ടം വളരെ വലുതായിരിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. കിന്‍ഫ്രയുടെ പദ്ധതിക്ക് തടസ്സം നേരിട്ടതറിഞ്ഞ് ഇന്‍ഫോ പാര്‍ക്ക് മേധാവികള്‍ പദ്ധതിയുടെ തടസ്സം നീക്കുന്നതിന് 2023 ജൂലൈയില്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കുടിവെള്ള പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കിയും ജലലഭ്യത ഉറപ്പുവരുത്തിയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേരുകയും അവയുടെ തീരുമാനപ്രകാരം ജലവിഭവ വകുപ്പ് പെരിയാറില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.
കിന്‍ഫ്ര പദ്ധതിയില്‍ പൊതുമരാമത്ത് റോഡില്‍ 14.5 കിലോമീറ്ററോളം പൈപ്പിടേണ്ട സ്ഥാനത്ത് 280 മീറ്റര്‍ മാത്രമാണ് പണി പൂര്‍ത്തിയാക്കിയത്. എത്രയുംപെട്ടെന്ന് പണി ആരംഭിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഏകദേശം 2025 ഡിസംബറോടു കൂടി പൈപ്പിടല്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ പെരിയാറില്‍നിന്നു ജലം പമ്പ് ചെയ്യേണ്ട സാഹചര്യം 2025 ഡിസംബറോടുകൂടിയേ ഉണ്ടാകുകയുള്ളൂ. ഇപ്പോള്‍ പൈപ്പിടല്‍ ജോലികള്‍ ആരംഭിച്ച് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍മാത്രമേ പൊതുമരാമത്ത് വകുപ്പിന് അതിനനുസരിച്ച് റോഡുകളുടെ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ച് മുമ്പോട്ടു പോകുവാന്‍ കഴിയൂ.
റോഡ് പുനഃസ്ഥാപനത്തിനായി 5 കോടി 40 ലക്ഷം രൂപ 2022ല്‍ തന്നെ കിന്‍ഫ്ര പൊതുമരാമത്ത് വകുപ്പില്‍ അടച്ചിട്ടുണ്ട്. പൈപ്പിട്ട് പോകുന്ന മുറയ്ക്ക് ആ സ്ഥലങ്ങളിലെ തങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുക. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയശേഷം എത്രയും പെട്ടെന്ന് പൊതുമരാമത്ത് വകുപ്പിന് റോഡുകള്‍ പൂര്‍ണ്ണമായി ടാര്‍ ചെയ്യേണ്ടതിനാല്‍ തൊട്ടുമുഖം മുതല്‍ മണലിമുക്ക് വരെയുള്ള പൈപ്പ് ഇടല്‍ ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കിന്‍ഫ്രയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ സമയത്തു ചെയ്യേണ്ട വാഹന ഗതാഗത പുനഃക്രമീകരണത്തെപറ്റി ചര്‍ച്ചചെയ്യുവാന്‍ കിന്‍ഫ്ര, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിട്ടി, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ട്രാഫിക് ഉദ്യോഗസ്ഥര്‍, കീഴ്മാട് പഞ്ചായത്ത് സെക്രട്ടറി, എന്‍.എ.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ജില്ലാ കളക്ടര്‍ 2024 ഫെബ്രുവരി 15ന് എറണാകുളം കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
കിന്‍ഫ്ര പദ്ധതിയുടെ പ്രധാന ഉപയോക്താക്കള്‍ ഇന്‍ഫോപാര്‍ക്ക് ആണ്. അവിടുത്തെ എഴുപതിനായിരത്തോളം ജോലിക്കാരുടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. നിലവില്‍ കിന്‍ഫ്രയില്‍ നിന്ന് 80 ശതമാനം വെള്ളവും കൊടുക്കുന്നത് ഇന്‍ഫോപാര്‍ക്കിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കാണ്. ബാക്കിയുള്ള 20 ശതമാനം മാത്രമാണ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി കിന്‍ഫ്ര എക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കൊടുക്കുന്നത്. 25 കോടിയോളം രൂപ പൈപ്പ് ഇടാനും പമ്പിങ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുമായി കിന്‍ഫ്ര ഇതിനോടകം ചെലവാക്കിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത് കാക്കനാട് ഇന്‍ഫോപാര്‍ക്കിന്റെ നിലനില്‍പിന് ഉള്‍പ്പെടെ അനിവാര്യമാണ്. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ടി.ബി അമ്പിളി, കിന്‍ഫ്ര സെന്‍ട്രല്‍ സോണ്‍ മാനേജര്‍ എ.കെ ജീഷ, കിന്‍ഫ്ര അസിസ്റ്റന്റ് മാനേജര്‍ മാത്യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.