എല്ലാ മേഖലകളിലും കഴിവുള്ളവരാണ് മലയാളികള്‍: മന്ത്രി പി രാജീവ്
കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2023 -24 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിതരണം ചെയ്തു. എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, കായിക താരം ആന്‍സി സോജന്‍, യുവ എഴുത്തുകാരന്‍ കെ അഖില്‍, യുവകര്‍ഷകന്‍ അശ്വിന്‍ പരവൂര്‍, സംരംഭകന്‍ കെ.വി സജീഷ്, സാമൂഹിക സേവകന്‍ ശ്രീനാഥ് ഗോപിനാഥന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
എല്ലാ മേഖലകളിലും കഴിവുള്ളവരാണ് മലയാളികളെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മലയാളികളുടെ ഇത്തരം കഴിവുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി സമഗ്ര എവിജിസി-എക്‌സ്ആര്‍ നയം, ഡിസൈന്‍ പോളിസി എന്നിവയ്ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ് – എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം. പൊതുമരാമത്ത്, ടൂറിസം നിര്‍മ്മിതികളില്‍ കാതലായ മാറ്റം ലക്ഷ്യമിടുന്ന ഡിസൈന്‍ പോളിസിയിലൂടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ റോഡുകള്‍, സൈനേജുകള്‍, തെരുവുകള്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കല/ സാംസ്‌കാരികം, കായികം, സാഹിത്യം, കൃഷി, വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. ഈ മേഖലകളില്‍ നിറസാന്നിദ്ധ്യമാകുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്തതിനാലാണ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ജൂറി ഇവരെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളര്‍ത്തുന്നത് ലക്ഷ്യമിട്ട് യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. കിഡ്‌നാപ്പ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത നൗഷാദ് ഇബ്രാഹിം മത്സരത്തില്‍ ഒന്നാം സ്ഥാനവും പരിണാമം സംവിധായകന്‍ ശ്രീജു ശ്രീനിവാസന്‍ രണ്ടാം സ്ഥാനവും ഭ്രമം സംവിധായകന്‍ എ വിഷ്ണു മൂന്നാം സ്ഥാനവും നേടി.
യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. ആര്‍ രാഹുല്‍, ഗ്രീഷ്മ അജയഘോഷ്, പി സി ഷൈജു, അബേഷ് അലോഷ്യസ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ജില്ലാ കോ ഓഡിനേറ്റര്‍ കെ വി കിരണ്‍ രാജ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓഡിനേറ്റര്‍ എ ആര്‍ രഞ്ജിത്ത്, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷജിലാബീവി, കോളേജ് ചെയര്‍മാന്‍ തമീം റഹ്മാന്‍, ലോ കോളേജ് ചെയര്‍മാന്‍ ഈസ ഫര്‍ഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.