വാട്ടര്‍ മെട്രോയുടെ മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ ടെർമിനലുകള്‍  നാടിന് സമര്‍പ്പിച്ചു


സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വാട്ടര്‍ മെട്രോയുടെ മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് വാട്ടര്‍ മെട്രോ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ജനങ്ങള്‍ക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികള്‍ക്കും ഈ പ്രദേശത്തേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കും പ്രയോജനകരമായ സംവിധാനമാണിത്. ഇവിടുത്തെ ജനങ്ങളുടെയും ഈ നഗരത്തിന്റെയും ജീവിത നിലവാരം ഉയര്‍ത്താന്‍ വാട്ടര്‍ മെട്രോയ്ക്ക് കഴിയും.

ലോകത്തിന്റെ പലയിടങ്ങളിലും വന്‍കിട വികസന പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത് വലിയ നഗരങ്ങളെയോ വലിയ സാമ്പത്തിക ശേഷിയുള്ള പ്രദേശങ്ങളെയോ ഉള്‍പ്പെടുത്തിയാണ്. രാജ്യത്തു തന്നെ ഇതിന് നിരവധി ഉദാഹരണങ്ങള്‍ കാണാനാകും. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ നാടിനാകെയും ജനങ്ങള്‍ക്കാകെയും പ്രയോജനപ്പെടണമെന്ന വിശാലമായ കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് കൊച്ചി. നഗരവുമായി ബന്ധപ്പെട്ടിരിക്കുന്ന ദ്വീപ് വാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യമൊരുക്കുക എന്നത് ഏറെ പ്രധാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം ഇവയെല്ലാം ഉറപ്പുവരുത്തുന്നതിന് അത്യന്താപേക്ഷിതമാണിത്. സംസ്ഥാന സര്‍ക്കാര്‍ ആ ഉത്തരവാദിത്തം അതിഗൗരവമായി ഏറ്റെടുത്തുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് വാട്ടര്‍ മെട്രോ. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭ്യമാകും. ഒരു ലക്ഷം പേര്‍ക്കെങ്കിലും അധികമായി പ്രയോജനപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ ടെര്‍മിനലുകള്‍ കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കും. ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ബോള്‍ഗാട്ടി, വൈറ്റില, കാക്കനാട് എന്നീ അഞ്ച് ടെര്‍മനിലുകളെ ബന്ധിപ്പിക്കുന്ന മൂന്ന് റൂട്ടുകളില്‍ 13 ശീതീകരിച്ച ബോട്ടുകളാണുള്ളത്. എറണാകുളത്ത് നിന്നും വൈപ്പിനില്‍ നിന്നുമുള്ള ഫോര്‍ട്ട്‌കൊച്ചി റൂട്ട് ഉടന്‍ ആരംഭിക്കും. പാലിയം തുരുത്ത്, കുമ്പളം, വെല്ലിംഗ്ടണ്‍ ഐലന്റ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണണസജ്ജമാകുന്നതോടെ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 ബോട്ടുകളാണ് സര്‍വീസ് നടത്തുക. ഗെയില്‍ പൈപ്പ് ലൈന്‍, എല്‍എന്‍ജി ടെര്‍മിനല്‍, സിറ്റി ഗ്യാസ് പദ്ധതി, പവര്‍ ഹൈവേ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയത് നാടിനാകെ ഗുണകരമാകും വിധമാണ്. ദേശീയ പാത വികസനം, ദേശീയ ജലപാത, മലയോര ഹൈവേ ഇവയെല്ലാം ഒരുക്കുന്നതും ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ്.

ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന് പറയാറുണ്ട്.
വികസന കാര്യത്തിലും ഇത് സത്യമായിരിക്കുന്നു. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി നിര്‍മ്മിച്ച അത്യാധുനിക ബോട്ടുകളെ തേടി രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യക്കാര്‍ എത്തുന്നത്.

പരിമിതമായ വിഭവങ്ങള്‍ നാടിനാകെ ഗുണകരമാകുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനെ ബാധിക്കരുതെന്ന് കണ്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നൂതന വിഭവ സമാഹരണ വിനിയോഗ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടേതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. കേരളം ഭൂരിഭാഗം തുകയും ചെലവിട്ട് നടപ്പാക്കുന്ന പദ്ധതികളില്‍ നാമമാത്രമായ തുക മുടക്കുന്നവര്‍ തങ്ങളുടെ പേരും പടവും പ്രദര്‍ശിപ്പിക്കണമെന്ന് പറയുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ കേരളത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പോലും ആരുടെയെങ്കിലും പേരോ പടമോ പ്രദര്‍ശിപ്പിക്കുന്നില്ല.

പങ്കാളിത്ത ജനാധിപത്യത്തില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമീപനത്തിലാണ് റെക്കോഡ് വേഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് വ്യാപിപ്പിച്ചിരിക്കുന്നത്. അത് കൊച്ചിയുടെ വികസനത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കും അതുവഴി കേരളത്തിന്റെയാകെ പുരോഗതിക്കും വഴിവെക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍ പി.എ. മുഹമ്മദ് റിയാസ് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എം.എല്‍.എമാരായ കെ.ജെ. മാക്‌സി, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ യഥാര്‍ഥ വ്യക്തികളെ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഉദ്ഘാടനത്തിനു ശേഷം ആദ്യ ബോട്ട് സര്‍വീസില്‍ മന്ത്രി പി. രാജീവും മറ്റ് വിശിഷ്ടാതിഥികളും യാത്ര ചെയ്തു. കൊച്ചി വാട്ടര്‍ മെട്രോ ബോട്ടുകളുടെയും ടെര്‍മിനലുകളുടെയും നിര്‍മ്മാണത്തില്‍ പങ്കാളികളായവരെയും ചടങ്ങില്‍ ആദരിച്ചു.