ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രവും പേരാമ്പ്ര അപ്പോളോ ടയേഴ്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ അംഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍. 2500 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ ആദ്യഘട്ട സ്‌ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പേരാണ് രോഗനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തത്.

വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജില്ലയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ഒരുക്കിയത്. പ്രാഥമിക രോഗനിര്‍ണയ പരിശോധനകള്‍, സംശയനിവാരണം എന്നിവയ്ക്ക് പുറമേ സൗജന്യ ടെസ്റ്റുകള്‍, തുടര്‍ന്നുള്ള ചികിത്സ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവുമാണ് പദ്ധതിയുടെ ലക്ഷ്യം.

അപ്പോളോ ടയേഴ്‌സില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ഡിഎംഒ ഡോ. ടി പി ശ്രീദേവി, ഡെപ്യൂട്ടി ഡിഎംഒ കെ എന്‍ സതീഷ്, ക്യാന്‍ തൃശൂര്‍ നോഡല്‍ ഓഫീസര്‍ പി കെ രാജു, യൂണിറ്റ് ഹെഡ് ജോര്‍ജ് ഉമ്മന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, അപ്പോളോ ടയേഴ്‌സ് പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.