മലപ്പുറം ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

ജില്ലയിലെ മനുഷ്യ-വന്യജീവി തടയുന്നതിനായി വനം വകുപ്പ് ജനങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. അക്രമത്തിനിരയായവരെ വനം വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ പോലുമുണ്ട്. ഇത് ഒഴിവാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലുമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കാനായി നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനിൽ 54.5 ലക്ഷം രൂപയും അനുവദിച്ചതായി നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡി.എഫ്.ഒമാര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു.

തുകയുടെ വിതരണം തുടങ്ങിയിട്ടുണ്ട്. വിതരണം പൂർത്തിയാകുന്നതോടെ നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കെല്ലാം നഷ്ടപരിഹാര തുക ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം പലപ്പോഴും നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമാവുന്നതായും ഇത് ഒഴിവാക്കാന്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ പെട്ടെന്ന് തന്നെ കൊടുത്ത് തീര്‍ക്കണമെന്നും ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പും ഉപദേശവും നൽകുന്നതിന് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ ‌നിര്‍ദ്ദേശം നല്‍കി. വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിലെ കുറ്റിക്കാടുകളും അടിക്കാടുകളും മറ്റ് കാട്ടുചെടികളുടെ വളർച്ചയും നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ വനം വിട്ട് മനുഷ്യവാസസ്ഥലത്തേക്ക് കടക്കുന്ന സംഭവങ്ങൾ കുറയ്ക്കുന്നതിന് വനമേഖലയിൽ ആവശ്യമായ ജലസ്രോതസ്സുകൾ സൃഷ്ടിക്കുന്നത് ഉറപ്പാക്കും. കാട്ടാന ശല്യം തടയുന്നതിനായി കൂടുതല്‍ സോളാര്‍ വേലികള്‍, ഹാങിങ് സോളാര്‍ വേലികള്‍, ട്രഞ്ചുകള്‍, ആന മതില്‍ തുടങ്ങിയവ സ്ഥാപിക്കാനും വനം വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പ്രാദേശിക ജാഗ്രതാ സമിതികളും റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും കാര്യക്ഷമമാക്കണം. വന്യമൃഗ ശല്യം വ്യാപകമായ ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. വനവിഭവ ശേഖരത്തിനായി ഉള്‍ക്കാടുകളിലേക്ക് പോവുന്ന ആദിവാസികള്‍ക്ക് വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് പ്രത്യേകം ബോധവത്കരണം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

പ്ലാനിങ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപുര്‍വ്വ തൃപാദി,  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. കാര്‍ത്തിക് (നിലമ്പൂര്‍ നോര്‍ത്ത്), ജി. ധനിക് ലാല്‍ (നിലമ്പൂര്‍ സൗത്ത്), മലയോര മേഖലയിലെ തദ്ദേശ വകുപ്പ് അധ്യക്ഷര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.