ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. രോഗികളുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കുമെന്നും സ്ഥലം ഉപയോഗപ്രദമാകും വിധത്തില്‍ എങ്ങനെ വിനിയോഗിക്കാം എന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ആലോചിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വിഭാഗം പ്ലാനിങ് ഫണ്ടില്‍ നിന്ന് 5.90 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്, ആരോഗ്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.