ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് എച്ച് എം സി യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ അശരണരായ ആളുകള്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായി.

ആശുപത്രിയിലെ കാന്റീനിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി വിലയിരുത്തി. കാന്റീനിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. പുതിയതായി ആശുപത്രി പരിസരത്ത് സിസിടിവി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടു മാസത്തെ വരവ് ചിലവ് കണക്കുകളും ഹോസ്പിറ്റല്‍ സൂപ്രണ്ട് എം.ജി ശിവദാസ് അവതരിപ്പിച്ചു.

യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്, ജനപ്രതിനിധികള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശുപത്രി ജീവനകാര്‍, എച്ച്എംസി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.