ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി ആവശ്യത്തിന് എത്തുന്നവരില്‍ നിന്നും പ്രസ് ഉടമകളും മാനേജര്‍മാരും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്ന് ഇലക്ഷന്‍ എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ (മലപ്പുറം ജില്ല) കൂടിയായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥികള്‍, അവരുടെ ഏജന്റുമാര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുമ്പോഴാണ് സത്യവാങ്മൂലം വാങ്ങേണ്ടത്. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ അച്ചടി സ്ഥാപനത്തിന്റെ പേര്, പബ്ലിഷ് ചെയ്യുന്ന വ്യക്തിയുടെ പേരും വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം.

അവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. ഇത് പാലിക്കാത്ത പ്രിന്റിങ് സ്ഥാപനത്തിനെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.