ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റചട്ടം പാലിക്കണം. നിരോധിത പ്ലാസ്റ്റിക് – ഫ്ളക്സ് വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. കുട്ടികളെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തരുതെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
എന്താണ് മാതൃകാ പെരുമാറ്റചട്ടം
തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റ സംഹിത പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ സ്വീകരിക്കും.
പൊതുവായ പെരുമാറ്റം
* വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.
* മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കോമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമാവേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെകുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ പാടില്ല.
* ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്.
* സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.
* ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല.
* ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.
അധികാരത്തിലിരിക്കുന്ന കക്ഷികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
* അധികാരത്തിലിരിക്കുന്ന കക്ഷികള്‍ തങ്ങളുടെ ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.
* മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കുകയോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ഔദ്യോഗിക സംവിധാനങ്ങള്‍/ ഉദ്യോഗസ്ഥര്‍ എന്നിവ ഉപയോഗിക്കുകയോ ചെയ്യരുത്.
* അധികാരത്തിലിരിക്കുന്ന കക്ഷികളുടെ താല്‍പര്യാര്‍ത്ഥം സര്‍ക്കാര്‍ വാഹനങ്ങള്‍ (ഔദ്യോഗിക എയര്‍ ക്രാഫ്റ്റുകള്‍ അടക്കമുള്ളവ) ഉപയോഗിക്കരുത്.
* തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങള്‍, മൈതാനങ്ങള്‍, ഹെലിപാഡ് എന്നിവ കുത്തകയാക്കി മാറ്റാന്‍ പാടില്ല. മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അത്തരം സ്ഥലങ്ങളും സൗകര്യങ്ങളും നിബന്ധനകളോടും വ്യവസ്ഥകളോടും കൂടി ഉപയോഗിക്കാം.
* സര്‍ക്കാര്‍ റസ്റ്റ് ഹൗസുകള്‍, ബംഗ്ലാവുകള്‍ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വസതികള്‍ അധികാരത്തിലുള്ള പാര്‍ട്ടിയോ അതിന്റെ സ്ഥാനാര്‍ത്ഥികളോ കുത്തകയാക്കരുത്. ഇത്തരം സ്ഥലങ്ങളും പരിസരങ്ങളും പ്രചാരണത്തിനോ സമ്മേളന സ്ഥലമായോ ഉപയോഗിക്കാനും പാടില്ല.
* പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതുഖജനാവ് ചെലവിട്ട് പരസ്യം നല്‍കാന്‍ പാടില്ല. ഔദ്യോഗിക മാധ്യമങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്യരുത്.