സി വിജില്‍ ആപ് വഴി ലഭിച്ചത് 25 പരാതികള്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി മലപ്പുറം ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകളാണ് വിവിധ സ്‌ക്വാഡുകള്‍ക്ക്.

ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂയിങ് ടീം, രണ്ട് വീതം ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഫ്‌ളയിങ് സ്‌ക്വാഡ് (എഫ്.എസ്), സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം (എസ്.എസ്.ടി), വീഡിയോ സര്‍വെയലന്‍സ് ടീം (വി.എസ്.ടി), ആന്റി ഡിഫേസ്‌മെന്റ് ടീം എന്നിവയാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ജില്ലയിലെ 16 മണ്ഡലങ്ങളിലായി 48 ഫ്‌ളയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ഓരോ മണ്ഡലത്തിലും 24 മണിക്കൂറും ഫ്‌ളയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

സുതാര്യതയും മറ്റ് നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ / സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പ്രചരണ ചെലവുകളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയും സംഘം സൂക്ഷ്മമായി നിരീക്ഷിക്കും. വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ റാലികള്‍, പൊതു യോഗങ്ങള്‍ മറ്റു പ്രധാന ചെലവുകള്‍ എന്നിവയുടെ വീഡിയോഗ്രാഫുകളും സംഘം നിരീക്ഷിക്കും.

വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയാണ്  ഓരോ ഫ്‌ളയിങ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകളുടെയും ടീം ലീഡര്‍ ആയി നിയമിച്ചിട്ടുള്ളത്.  അതത് നിയോജകമണ്ഡലങ്ങളില്‍  എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും പ്രചാരണച്ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി എക്സപെന്റിച്ചര്‍ മോണിറ്ററിങ് ടീം, വീഡിയോ സര്‍വെയ്‌ലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം എന്നിവയും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസാണ് ഈ സ്‌ക്വാഡുകളുടെ നോഡല്‍  ഓഫീസര്‍.

മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നിന് ജില്ലാതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ (C-VIGIL Mobile Application) മുഖേനയും പരാതി നല്‍കാം. ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോര്‍/ ആപ്പിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാണ്. സി-വിജില്‍ വഴി ഇതിനകം 25 പരാതികള്‍ ലഭിക്കുകയും സമയബന്ധിതമായി ഫീല്‍ഡ് പരിശോധന നടത്തി സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.