രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം വിഷയമാക്കി കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുൽത്താൻ ബത്തേരി എ ആർ ഒ -018 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. പുതുതലമുറയിലെ വോട്ടർമാർക്ക് വോട്ടവകാശം, രാഷ്ട്രീയ സംവിധാനം എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്.
ക്വിസ് മത്സരം ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. സമ്മതിദാന അവകാശമുള്ള എല്ലാ വിഭാഗക്കാരും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതലമുറയിലെ വോട്ടർമാർക്ക് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്വീപ്പ് ടീമിൻ്റെ പ്രവർത്തനം അഭിനനാർഹമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ലോ ഓഫീസർ സി. കെ ഫൈസൽ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. 17 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മീനങ്ങാടി സെൻ്റ് ഗ്രിഗേറിയസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലെ വി ആദർശ്, എ.എസ് അഭിരാം ശങ്കർ എന്നിവർ ഒന്നാം സ്ഥാനം നേടി. ബത്തേരി സെൻ്റ് മേരീസ് കോളേജിലെ ഐറിൻ മേരി സജി, ജസീം എന്നിവർ രണ്ടാം സ്ഥാനവും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ കെ.യു ഹരികൃഷ്ണൻ, അനഘ റജി എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി. എഡിഎം കെ ദേവകി, ഡെപ്യൂട്ടി കളക്ടർമാരായ എൻ എം മെഹ്റലി, സി.മുഹമ്മദ് റഫീക്ക്, ഇ.അനിത കുമാരി, സ്വീപ്പ് നോഡൽ ഓഫീസർ പി.യു സിതാര എന്നിവർ സംസാരിച്ചു