മാധ്യമങ്ങൾ സമ്മർദത്തിന് വഴങ്ങി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമീപനം തിരുത്തണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ശങ്കരനാരായണൻ തമ്പി ഹാളിൽ നിയമസഭ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വഴങ്ങി  മാധ്യമങ്ങൾക്കു മേലുണ്ടാകുന്ന സമ്മർദ്ദത്തിന് മാധ്യപ്രവർത്തകരും വിധേയരാകുന്നു. ബ്രേക്ക് ചെയ്യുന്നതിനായി  തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് മാധ്യമങ്ങൾ തയാറാകേണ്ടതെന്നും സ്പീക്കർ പറഞ്ഞു.

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ മാധ്യമ അവാർഡുകളുടെ വിതരണം, കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം  2023-മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമുള്ള പുരസ്‌കാര വിതരണം, 2022-ലെ ഭരണഭാഷാ സേവന, സാഹിത്യ പുരസ്‌കാര വിതരണം എന്നിവയും സ്പീക്കർ നിർവഹിച്ചു.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയർ കോഴ്‌സ് റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്പീക്കർ ചടങ്ങിൽ നിർവഹിച്ചു. മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി മോഹനൻ എം എൽ എ, നിയമസഭ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി, കെ ലാംസ് എക്‌സിക്യുട്ടീവ് ഡയറക്ടർ എം എസ് വിജയൻ എന്നിവർ സംബന്ധിച്ചു.