കോഴിക്കോട് ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച റീജിയണല്‍ വാക്‌സിന്‍ സ്റ്റോര്‍ ആന്റ് ട്രെയിനിങ് സെന്റര്‍ ഓഡിറ്റോറിയം ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ മികച്ച പരിശീലമാണ് വേണ്ടത്. നല്ല രീതിയില്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാന്‍ യഥാര്‍ത്ഥ പരിശീലനം ജനങ്ങള്‍ക്ക് നല്‍കേണ്ടതതും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ലക്ഷ്യ അവാര്‍ഡ് നേടീയ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ടീമിനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള വാക്‌സിന്‍ വിതരണം മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ നിന്നും നടക്കും. മലപ്പറമ്പ് റീജിയണല്‍ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ട്രെയിനിങ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നിപ സോഫ്റ്റ് വെയര്‍ ഉദ്ഘാടനം ജില്ലാ കലക്ടര്‍ യു.വി. ജോസ് നിര്‍വഹിച്ചു. എന്‍.എച്ച്.എം തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം പ്രായം സി. ഡി പ്രകാശനവും നിപ മാഗസിന്‍ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.വി. ജയശ്രീ കാര്യപരിപാടി വിശദീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡി.എം.ഒ ഡോ. ആശാ ദേവീ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സരളാ നായര്‍,ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ. സുജത, ക്യൂകോപ്പി ഫൗണ്ടര്‍ ആന്റ് സി.ഇ.ഒ അരുണ്‍ പെരുളി തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീന്‍ സ്വാഗതവും ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ എം.പി. മണി നന്ദിയും പറഞ്ഞു.