ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികാഘോഷം നവംബര്‍ 10-12;
വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്നു

അനാചാരങ്ങളും ജാതി വ്യവസ്ഥകളും കേരളത്തിലും പടര്‍ന്നു പിടിക്കാതിരിക്കാന്‍ ക്ഷേത്രപ്രവേശനവിളംബരം പോലെയുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ പുതുതലമുറയെ ഓര്‍മപ്പെടുത്തുന്നത് ഏറെ അനിവാര്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നവംബര്‍ 10 മുതല്‍ 12 വരെ ജില്ലയില്‍ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികത്തിന് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിപുലമായ സംഘാടകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീനാരായണ ഗുരു, അയ്യങ്കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകര്‍ ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങള്‍ മറന്നു കൊണ്ടാണ് ചിലര്‍ മതനിരപേക്ഷതയും സമൂഹത്തിലെ സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് ഭരണഘടന വിധികള്‍ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
അവര്‍ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനും മാറ് മറയ്ക്കാനു പൊതു വഴികളിലൂടെ സഞ്ചാരത്തിനായും ആഭരണങ്ങള്‍ ധരിക്കാനുമായി സമരങ്ങളും ലഹളകളും നടന്ന നാടാണ് ഇത്. ഈ മുന്നേറ്റങ്ങളില്‍ നിന്ന് പുറകോട്ട് പോകാനുളള നീക്കങ്ങളെ ചെറുത്ത് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ ബാലന്‍ മുഖ്യ രക്ഷാധികാരിയായും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ചെയര്‍മാനും ജില്ലാ പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയും ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ കൂടിയായ ടി.ആര്‍ അജയന്‍ ജനറല്‍ കണ്‍വീനറായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചുമതലയിലുള്ള പ്രിയ കെ. ഉണ്ണികൃഷ്ണന്‍ കണ്‍വീനറായും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌ക്കാരിക നായകര്‍, സാംസ്‌കാരിക സംഘടന/സ്ഥാപന പ്രതിനിധികള്‍, ബഹുജന സംഘടനാ പ്രതിനിധികള്‍ അംഗങ്ങളുമായാണ് സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ത്രിദിന ആഘോഷ പരിപാടികള്‍
ത്രിദിന ആഘോഷപരിപാടികളുടെ ഭാഗമായി ചരിത്രപ്രദര്‍ശനം, പൊതുസമ്മേളനം, സാംസ്‌കാരിക-വിളംബര ഘോഷയാത്ര, സെമിനാറുകള്‍, വിവിധ സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളും വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, പുരാരേഖ -പുരാവസ്തു വകുപ്പ്, ഗ്രന്ഥശാല പ്രസ്ഥാനം ചേര്‍ന്നാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ പി.ഉണ്ണി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി, എ.ഡി.എം. ടി. വിജയന്‍, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍.അജയന്‍, മന്ത്രി എ.കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി.പ്രമോദ്, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, രാഷ്ട്രീയകക്ഷികളുടെ ജില്ലാനേതാക്കള്‍, ജില്ലയിലെ സാംസ്‌കാരിക, സന്നദ്ധ, വിദ്യാര്‍ഥി, യുവജന, സര്‍വീസ്, തൊഴിലാളി സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

സബ് കമ്മിറ്റി രൂപീകരിച്ചു
ക്ഷേത്ര പ്രവേശന വിളംബരം ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി- ചെയര്‍മാന്‍ കെ.വി. വിജയദാസ് എം.എല്‍.എ, കണ്‍വീനര്‍ ചന്ദ്രന്‍കൂട്ടി ലെക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സെക്രട്ടറി, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍- കെ.ഡി. പ്രസേനന്‍ എം.എല്‍.എ, കണ്‍വീനര്‍ പി.മധു, സംഗീത നാടക അക്കാദമി, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍- പി. ഉണ്ണി എം.എല്‍.എ, കണ്‍വീനര്‍-രാജേഷ് മേനോന്‍, ഒ. വി വിജയന്‍ സ്മാരക സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം. ഘോഷയാത്ര സബ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍- അഡ്വ. കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കണ്‍വീനര്‍-പി. സെയ്തലവി, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്നിങ്ങനെയാണ് സബ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.