തിരഞ്ഞെടുപ്പിന്റെ ചരിത്രവും മുന്നേറ്റങ്ങളും മാറ്റങ്ങളുമെല്ലാമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വോട്ട് പ്രചാരണം ഊർജ്ജിതമായി. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് മുന്നെ തന്നെ വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് തിരഞ്ഞെടുപ്പ് വിഭാഗം അവബോധം നൽകുന്നത്. സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രചാരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ കലാലയങ്ങൾ കേന്ദ്രീകരിച്ചും വേറിട്ട ബോധവത്കരണ പരിപാടികളാണ് തെരഞ്ഞെടുപ്പ് വിഭാഗം ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ചരിത്രം മുതൽ ആസന്നമായ ഏറ്റവും പുതിയ തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ ലൈവ് പ്രശ്‌നോത്തിരിയിലൂടെയും അവതരിപ്പിക്കുന്നു.
യുവതലമുറകൾ ആവേശത്തോടെ ക്യാമ്പസിലേക്ക് പ്രചാരണവിഭാഗത്തെയും വരവേൽക്കുന്നു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ബോധവത്ക്കരണ ക്ലാസും ക്വിസ് മത്സരവും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. യുവതലമുറയിൽ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സബ് കളക്ടർ മിസൽ സാഗർ ഭരത് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി സി റോയ് അധ്യക്ഷത വഹിച്ചു.
സ്വീപ് നോഡൽ ഓഫീസർ പി.യു സിത്താര മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി തഹസിൽദാർ യു.എസ് ജ്യോതിലക്ഷ്മി, സെന്റ് മേരീസ് കോളേജ് ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ എ.ആർ. വിജയകുമാർ, സ്വീപ്പ് അസിസ്റ്റന്റ് ഹാരിസ് നെന്മേനി, സെന്റ് മേരീസ് കോളേജ് സ്റ്റുഡന്റ് അംബാസിഡർ ഐറിൻ മേരി, സ്വീപ് അസിസ്റ്റന്റ് എസ് .മുഹമ്മദ് ഫൈസൽ, എന്നിവർ സംസാരിച്ചു. ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് ജില്ലാ കോഡിനേറ്റർ എസ്. രാജേഷ്‌കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരള മിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ സുരേഷ് ബാബു ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. എൻ.എം അബിൻ, എം ബി ബിവിൽ എന്നിവർ ഒന്നാം സ്ഥാനവും എം.നന്ദന, ദേവിക രമേശ് എന്നിവർ രണ്ടാം സ്ഥാനവും എസ്.എം മുഹമ്മദ് മുനീർ, ഇ.അമൽ, ജോയൽ യോഹന്നാൻ, ബഹീജ് അംജദ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ആദിവാസി കോളനികൾ തുടങ്ങി വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രചാരണവിഭാഗം വേറിട്ട പരിപാടികളുമായി എത്തും.