ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന് മൊബൈല് ആപ്ലിക്കേഷനുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന് ആവിഷ്‌കരിച്ച ‘സക്ഷം’ മൊബൈല് ആപ്പിലൂടെ വോട്ടെടുപ്പ് ദിനത്തില് ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്ലേ സ്റ്റോര് അല്ലെങ്കില് ആപ്പ് സ്റ്റോറില് നിന്നും ഡൗണ്ലോഡ് ചെയ്ത് നിര്ദ്ദേശങ്ങള് മനസ്സിലാക്കിയാല് വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാര്ക്ക് പ്രയാസം കൂടാതെ സമ്മതിദാന അവകാശം വിനിയോഗിക്കാം. വോട്ടര് പട്ടികയില് പേര് രജിസ്റ്റർ ചെയ്യുന്നത് ഉള്പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള് സക്ഷം ആപ്പില് ലഭ്യമാണ്.
വോട്ടെടുപ്പ് ദിവസം വീല്ചെയര് ആവശ്യമുള്ളവര്ക്ക് ആപ്പ് മുഖേന സേവനം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷന്, സൗകര്യങ്ങള്, തിരയുക, വിവരവും പരാതിയും എന്നിങ്ങനെ നാല് വിഭാഗങ്ങളായി സേവനങ്ങൾ ലഭിക്കും. രജിസ്ട്രേഷന് ടാബിന് കീഴില് പുതിയ വോട്ടര് രജിസ്ട്രേഷന്, തിരുത്തല്, മൈഗ്രേഷന് റദ്ദാക്കല്, ആധാര് അപ്‌ഡേഷന് എന്നിവയുടെ സ്റ്റാറ്റസ് ട്രാക്കിംഗ് എന്നിവ ലഭിക്കും. സൗകര്യങ്ങള് എന്ന ടാബില് വോട്ടര്ക്ക് ലഭ്യമാവുന്ന വിവിധ സേവനങ്ങള്, ആവശ്യമെങ്കിൽ പോളിങ് ബൂത്തില് വീല് ചെയറുകള് സഹായം, ബൂത്ത് തിരഞ്ഞെടുക്കൽ എന്നിവയ്ക്ക് അവസരമുണ്ട്. തിരയുക എന്ന ടാബില് വോട്ടര് പട്ടികയില് പേര്, പോളിങ് സ്റ്റേഷന്, സ്ഥാനാര്ത്ഥിയുടെ വിവരങ്ങള് എന്നിവ അറിയാന് കഴിയും. പരാതി – വിവരങ്ങള് എന്ന ടാബ് മുഖേന പരാതി രജിസ്റ്റര് ചെയ്യല്, വീഡിയോ, ലേഖനങ്ങള് കാണാനും വിവരങ്ങള് കണ്ടെത്താനും സാധിക്കും. ആപ്പിന്റെ ആന്ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകള് ലഭ്യമാണ്.