ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അട്ടപ്പാടി മേഖലയില്‍ നൂറുശതമാനം പോളിങ് ഉറപ്പാക്കുന്നതിന് സ്വീപ്പിന്റെ(സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാവുന്നതിന് വോട്ടിങിന്റെ പ്രാധാന്യം വ്യക്തമാക്കി ഊരുമൂപ്പന്മാര്‍ക്കും യുവവോട്ടര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ ഡോ. എസ്. ചിത്രയുടെ കത്ത്.

പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വിവിധ ഇലക്ഷന്‍ ലിറ്ററസി ക്ലബിലെ കുട്ടികള്‍ അട്ടപ്പാടിയിലെ 193 ഊരുകളും സന്ദര്‍ശിച്ച് ഊര് മൂപ്പന്മാര്‍ക്ക് കത്തുകള്‍ കൈമാറും. പുറമെ ക്യാമ്പസ് അംബാസിഡര്‍മാര്‍ മുഖേന യുവവോട്ടര്‍മാരിലേക്കും കത്തുകളെത്തിക്കും. ക്യാമ്പയിന്റെ ഭാഗമായി എഴുതിയ കത്ത് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ ഡോ എസ്. ചിത്ര ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ ടി. സത്യന്‍, അട്ടപ്പാടി രാജീവ് ഗാന്ധി ഗവ ആര്‍സ് ആന്‍ഡ് സയന്‍സ് കോളെജ് ക്യാമ്പസ് അമ്പാസിഡര്‍ എസ്. അനന്തു എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രെഡ്, അട്ടപ്പാടി ഗുഡ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിങ് മാനേജർ കെ.പി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.