ലോക്‌സഭാ തെരഞ്ഞെടുപ്പ്  പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി ജയകുമാര്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സി. ബിജു എന്നിവര്‍  ചേര്‍ന്നു നിര്‍വഹിച്ചു.

മനുഷ്യനും പരിസ്ഥിതിക്കും ആപത്കരമായ  പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിള്‍ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പകരം പുനരുപയോഗിക്കാന്‍ കഴിയുന്നതും  പുനഃചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഹരിത തെരഞ്ഞെടുപ്പിന്റെ  ലക്ഷ്യം.തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം. കെ ഉഷ, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി വരുണ്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.ദീപ എന്നിവര്‍ പ്രകാശനത്തില്‍ പങ്കെടുത്തു.