ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത ചട്ടം പൂർണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകൾ കൊടി തോരണങ്ങൾ എന്നിവ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുമ്പോൾ അവ കൃത്യമായി ശേഖരിച്ച് ഹരിത കർമ്മ പ്രവർത്തകരുടെ സഹായത്തോടെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എം.സി.എഫിൽ എത്തിക്കുന്നതിനുള്ള നടപടികൾ ശുചിത്വമിഷൻ സ്വീകരിക്കണം.
സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും പൂർണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാകേണ്ടതും പകരം നൂറ് ശതമാനം കോട്ടൺ, പേപ്പർ, പോളി എത്തിലിൻ തുടങ്ങിയ പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുകയും ചെയ്യണം.
പോളിങ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ബോധവൽക്കരണം നടത്തേണ്ടതുമാണ്.
പോളിങ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ക്രമീകരണത്തിനും, ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണ്ടതും പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവ കൊണ്ടുവരുവാൻ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്‌നറുകളും പരമാവധി ഒഴിവാക്കേണ്ടതുമാണ്.
തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലിപ്പ്, രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ ശേഖരിച്ച് കളക്ഷൻ സെന്ററുകളിൽ എത്തിച്ച് ആക്രി വസ്തുക്കളായി കൈമാറുകയും പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷൻ പ്രചാരണ വസ്തുക്കൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അസി. ഡയറക്ടടർ പി.ബി ഷാജു, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ആതിര തുടങ്ങിയവർ പങ്കെടുത്തു.