ഭാഗ്യ നിർഭാഗ്യങ്ങളുടെ അതിർവരമ്പുകൾ നിർണ്ണയിക്കുന്ന കുമ്മായ വരകൾക്കുള്ളിൽ ഫുട്ബോൾ ആവേശം അല തല്ലിയപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ജില്ലാ ഭരണകൂടം, സ്വീപ്, സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ സൗഹൃദ ഫുട്ബോൾ ടൂർണമെൻ്റ് കാണികളിൽ ആവേശം നിറച്ചു.

റവന്യു വയനാട്, എൽ.എസ്.ജി.ഡി വയനാട്, ജില്ലാ പോലീസ് ടീം, പ്രസ്സ് ക്ലബ് ടീം എന്നീ ടീമുകളാണ് സൗഹൃദ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മാറ്റുരച്ചത്. പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ജില്ലാ റവന്യു ടീം ഏകപക്ഷീയമായ ഒരു ഗോളിന് എൽ.എസ്.ജി.ഡി ടീമിനെയും രണ്ടാം മത്സരത്തിൽ ജില്ലാ പോലീസ് ടീം ഏകപക്ഷീയമായ 2 ഗോളിന് പ്രസ് ക്ലബ് ടീമിനെയും തോൽപ്പിച്ചു.

ലൂസേഴ്സ് ഫൈനലിൽ പ്രസ് ക്ലബ് ടീമിനെ തോൽപ്പിച്ച് എൽ.എസ്.ജി.ഡി ടീം മൂന്നാം സ്ഥാനം നേടി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ജില്ലാ റവന്യു ടീം ജില്ലാ പോലീസ് ടീമിനെ തോൽപ്പിച്ച് വിജയകിരീടം ചൂടി. സൗഹൃദ ഫുട്ബോൾ മത്സര സമാപനം ജില്ലാ കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു.

2023 സന്തോഷ് ട്രോഫി കേരള ടീമംഗമായ മുഹമ്മദ് റാഷിദ് മുഖ്യാതിഥിയായി. വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. എം.സി.സി നോഡൽ ഓഫീസർ കൂടിയായ എ.ഡി.എം കെ ദേവകി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം മെഹ്റലി, ഡെപ്യൂട്ടി കളക്ടർ കെ.കെ ഗോപിനാഥ്, സ്വീപ്പ് നോഡൽ ഓഫീസർ പി.യു സിത്താര, അസി. റിട്ടേണിംഗ് ഓഫീസർമാരായ ഇ അനിത കുമാരി, സി. മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.