ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ പണം നൽകി വാർത്തകൾ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം, പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ജില്ല തലത്തിൽ പ്രവർത്തിക്കുന്ന എം സി എം സി സെൽ മുഖേന വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടാൽ സ്ഥാനാർഥിയുടെ പ്രചാരണ ചെലവിൽ ഉൾപ്പെടുത്തുമെന്നും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.

ജനപ്രാതിനിധ്യ നിയമ പ്രകാരം നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം മുതൽ പെയ്ഡ് ന്യൂസുകൾ പരിശോധിക്കും. മാധ്യമ നിരീക്ഷണ സമിതി കണ്ടെത്തുന്ന പെയ്ഡ് ന്യൂസുകളിൽ, റിട്ടേണിംഗ് ഓഫീസർ, വാർത്ത പ്രസിദ്ധീകരിച്ചതിന്റെ 96 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയിൽ നിന്ന് വിശദീകരണം തേടുകയോ അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുകയോ ചെയ്യും. 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയോ പാർട്ടിയോ വിശദീകരണം നൽകണം.
ഒരു പ്രത്യേക സ്ഥാനാർത്ഥിയെയോ ഒരു പാർട്ടിയെയോ പ്രശംസിക്കുന്ന വാർത്താ ലേഖനങ്ങൾ , റിപ്പോർട്ടുകൾ അല്ലെങ്കിൽ എതിരാളികളെ അപകീർത്തിപ്പെടുത്തുന്ന സമാനമായ വാർത്താ ലേഖനങ്ങൾ , റിപ്പോർട്ടുകൾ എന്നിവ പെയ്ഡ് ന്യൂസായി പരിഗണിക്കപ്പെടാവുന്നതാണ്.

വ്യത്യസ്ഥ ലേഖകരുടെ പേരിൽ വിവിധ പത്രങ്ങൾ, മാസികൾ എന്നിവയിൽ അടുത്തടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഒരേതരത്തിലുള്ള ലേഖനങ്ങളും ഇത്തരം സ്വഭാവത്തിൽ പരിഗണിക്കപ്പെടാം.
പണമടച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശരിയായ അഭിപ്രായങ്ങൾ രൂപീകരിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പിന് അത് തടസ്സം സൃഷ്ടിക്കുന്നു.