പൊതു തിരഞ്ഞെടുപ്പിന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളിലേക്കുള്ള ഇ.വി.എം, വിവിപാറ്റ് എന്നിവയുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തില്‍ പൊതു നിരീക്ഷക പി. പ്രശാന്തി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ പ്രക്രിയ നടത്തിയത്.
ബാലറ്റ് യൂണിറ്റുകള്‍ (ബി.യു), കണ്‍ട്രോള്‍ യൂണിറ്റുകള്‍ (സി.യു), വിവിപാറ്റ് എന്നിവ ഓരോ പോളിങ് ബൂത്തിലേക്കും ഏതെന്ന് ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം സോഫ്‌റ്റ്വെയര്‍ വഴി അനുവദിക്കുന്ന പ്രക്രിയയാണിത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 1086 പോളിങ് ബൂത്തുകളും ആറ് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 1092 ബൂത്തുകളാണ് ഉള്ളത്. ഗുരുവായൂര്‍- 189, മണലൂര്‍- 190, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ഒല്ലൂരില്‍ 2 വീതവും നാട്ടികയില്‍ 6 വീതവും ഓക്‌സിലറി ബൂത്തുകളും സജ്ജമാണ്. ഈ ബൂത്തുകളിലേക്കായി 1528 ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 1655 വിവിപാറ്റ് യന്ത്രങ്ങളുമാണ് റാന്‍ഡമൈസേഷന്‍ മുഖേന നിര്‍ണയിച്ചത്.
ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ 20 ശതമാനവും വിവിപാറ്റ് മെഷീന് 30 ശതമാനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും റിസര്‍വ് അടക്കം തിരഞ്ഞെടുത്ത ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യന്ത്രങ്ങളുടെ എണ്ണം യഥാക്രമം:
ഗുരുവായൂര്‍- 226, 226, 245
മണലൂര്‍- 228, 228, 247
ഒല്ലൂര്‍- 222, 222, 240
തൃശൂര്‍- 193, 193, 209
നാട്ടിക- 216, 216, 234
ഇരിങ്ങാലക്കുട- 217, 217, 235
പുതുക്കാട്- 226, 226, 245
ഓരോ പോളിങ് ബൂത്തിലേക്കും അനുവദിക്കുന്ന വോട്ട് യന്ത്രങ്ങളുടെ സീരിയല്‍ നമ്പറുകള്‍ മുഖേന സ്ഥാനാര്‍ഥികള്‍ക്ക് ഇ.വി.എം വിതരണ സമയത്തും വോട്ടെണ്ണല്‍ സമയത്തും സമാന യന്ത്രം തന്നെയാണ് വോട്ടെടുപ്പിന് ഉപയോഗിച്ചതെന്ന് ഉറപ്പാക്കാനാകും. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സുതാര്യത കൈവരിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഓരോ നിയോജകമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലാണ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.